കൊലക്കേസ് പ്രതി പുറത്തിറങ്ങി നടക്കുന്നത് സിപിഎം-ബിജെപി കൂട്ടുകെട്ടിന്‍റെ ഫലം: അനിൽ അക്കര

Jaihind News Bureau
Tuesday, June 16, 2020

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയന്‍റേയും ഡിവൈഎഫ്ഐ അഖിലേന്ത്യേ പ്രസിഡന്‍റ് മുഹമ്മദ് റിയാസിന്‍റേയും വിവാഹ ചടങ്ങിൽ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടയാൾ പങ്കെടുത്തതിനെ ചൊല്ലിയുള്ള വിവാദം അവസാനിക്കുന്നില്ല. ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ട കേസിലെ പ്രതി പുറത്തിറങ്ങി നടക്കുന്നത് സി പി എം- ബിജെപി കൂട്ടുകെട്ടിന്‍റെ ഫലമാണെന്ന് അനിൽ അക്കര എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു. വിഷയത്തിൽ മുഖ്യന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.

കുന്നംകുളത്തെ ബി ജെ പി പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ ശിക്ഷയനുഭവിക്കുന്ന മുഹമ്മദ് ഹാഷിം വിവാഹത്തിൽ പങ്കെടുത്തതിനെ തുടർന്നാണ് വിവാദം തുടങ്ങിയത്. റിയാസിന്‍റെ പിതൃസഹോദര പുത്രനായ ഹാഷിം പരോളിൽ ഇറങ്ങിയാണ് വിവാഹം കൂടിയത്. എന്നാൽ സുപ്രീം കോടതി വരെ ശിക്ഷിച്ച് ജയിലിൽ കിടക്കുന്ന പ്രതികൾ നാട്ടിലിറങ്ങി നടക്കുന്നത് ആദ്യമായിട്ടാണോ എന്ന് അനിൽ അക്കര ചോദിക്കുന്നു. ആദ്യം കുന്നംകുളത്തെ സി പി എം- ബി ജെ പി കൂട്ടുകെട്ട് ഒഴിവാക്കു. എന്നിട്ട് മതി ആദർശം എന്നും അനിൽ അക്കര ബിജെപി നേതാക്കളെ ഓർമിപ്പിക്കുന്നു.

ജയിലിൽ കിടന്നതിനേക്കാൾ കൂടുതൽ ദിവസം ഈ പ്രതികൾ വീട്ടിലാണ് കഴിഞ്ഞത്. ഇവരിൽ പലർക്കും ശിക്ഷാ ഇളവ് നൽകാൻ സർക്കാർ നടപടി തുടങ്ങി. ഒരു പ്രതിക്ക് മുഖ്യമന്ത്രി മികച്ച കർഷകനുള്ള അവാർഡ് നൽകി. പ്രതികൾ പരസ്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നു. എന്നിട്ടും ഈ വിഷയത്തിൽ ബി ജെ പി എം എൽ എ നിയമസഭയിൽ ചോദ്യം ഉന്നയിച്ചോ എന്നും അനിൽ അക്കര ചോദിക്കുന്നു. ഇക്കാര്യത്തിൽ നിയമസഭയിൽ താൻ നടത്തിയ ഇടപെടലുകളുടെ വിവരങ്ങൾ സഹിതമാണ് അനിൽ അക്കരയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

സന്ദീപ് വാര്യരോട് നാണമുണ്ടോയെന്ന് ചോദിക്കാൻ എനിക്ക് നാണക്കേടുണ്ട്? കുന്നംകുളത്ത് വർഷങ്ങൾക്ക് മുൻപ് നടന്ന കൊലപാതക ക്കേസിൽ സുപ്രീം കോടതിവരെ ശിക്ഷിച്ച്‌ ജയിലിൽ കിടക്കുന്ന പ്രതികൾ നാട്ടിലിറങ്ങി നടക്കുന്നത് ഇപ്പോൾ ആദ്യമായിട്ടാണോ? ജയിലിൽ കിടന്നതിനേക്കാൾ കൂടുതൽ ദിവസം ഇവർ വീട്ടിലാണ്, ഈ വിഷയത്തിൽ നിയമസഭയിൽ ചോദ്യം വരെ ചോദിച്ചത് ആരാണ്? നിങ്ങളുടെ mla ഒ രാജഗോപാലാണോ? ഇവരിൽ പലരുടെയും ശിക്ഷ ഇളവ് ചെയ്യാൻ സർക്കാർ നടപടി തുടങ്ങിയപ്പോൾപ്രതികരിച്ചത് ആരാണ്? ഇവരിൽ ഒരു പ്രതിക്ക് മികച്ച കർഷനുള്ള അവാർഡ് മുഖ്യമന്ത്രി നൽകിയത് നിങ്ങൾ അറിഞ്ഞില്ലേ? ഇവർ പരസ്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തിയത് നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലേ? ആദ്യം നിങ്ങൾ കുന്നംകുളത്തെ സിപിഎം ബിജെപി കൂട്ടുകെട്ട് ഒഴിവാക്കൂ !എന്നിട്ട് മതി ആദർശം.