അങ്കോല മണ്ണിടിച്ചിൽ; അർജുന്‍റെ ലോറി കരയിൽ നിന്ന് 132 മീറ്റർ അകലെ, നാലാം സിഗ്നലിൽ സ്ഥിരീകരണം; തെരച്ചിലിന് മത്സ്യത്തൊഴിലാളികളും

 

ഷിരൂർ: കർണാടകയിലെ അങ്കോലയില്‍ മലയിടിഞ്ഞ് കാണാതായ മലയാളി  ഡ്രൈവർ അർജുന്‍റെ ലോറി കരയിൽ നിന്ന് 132 മീറ്റർ അകലെയെന്ന് കണ്ടെത്തി. ഐ ബോർഡ് ഡ്രോണിന്‍റെ പരിശോധനയിലാണ് കണ്ടെത്തൽ. പുഴയിലെ മൺകൂനയോട് ചേർന്നുള്ള നാലാമത്തെ സ്പോട്ടിൽ ലോറിയെന്നാണ് സൂചന. ഐ ബോർഡ് പരിശോധനയുടെ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറി. ലോറിയുടെ ക്യാബിൻ ഭാഗികമായി തകർന്ന നിലയിലാണെന്നും കളക്ടര്‍ പറഞ്ഞു. അതേസമയം തെരച്ചിലിന് കുന്ദാപുരയിലെ മൽസ്യത്തൊഴിലാളികളുടെ സംഘത്തെ ജില്ല ഭരണകൂടം എത്തിച്ചിട്ടുണ്ട്. കുന്ദാപുരയിലെ മത്സ്യത്തൊഴിലാളികളുടെ ഏഴംഗ സംഘമാണ് സ്ഥലത്തെത്തിയത്. ഈശ്വർ മൽപെ ആണ് സംഘതലവൻ.

നാല് സിഗ്നലുകളാണ് പുഴയിൽ നിന്ന് ലഭിച്ചത്. ഇതിൽ ഏറ്റവും ഒടുവിൽ ലഭിച്ച സിഗ്നലാണ് ട്രക്കാവാനുള്ള സാധ്യത. ഈ സിഗ്നൽ കേന്ദ്രീകരിച്ചുകൊണ്ടുള്ള പരിശോധനയായിരിക്കും ഇനി നടക്കുക. ഇന്നലെ ഒരു ​ദൃക്സാക്ഷി ലോറി ഒഴുകി പോകുന്നത് കണ്ടതായി പോലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നാലാമത്തെ സി​ഗ്നൽ ലഭിച്ചത്. പുഴയിലെ അടിയൊഴുക്ക് ഒരു വെല്ലുവിളിയായി തുടരുന്നതിനാല്‍ മുങ്ങൽ വിദഗ്ധർക്ക് പരിശോധിക്കുന്നതിൽ പ്രയാസമുണ്ട്.

Comments (0)
Add Comment