യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ നെഞ്ചില്‍ കയറിയും ജലീലിന് വഴിയൊരുക്കി ; പൊലീസ് ഭീകരതയ്‌ക്കെതിരെ യുവനേതാക്കളുടെ രോഷം

Jaihind News Bureau
Monday, September 14, 2020

 

തിരുവനന്തപുരം: അങ്കമാലിയില്‍ മന്ത്രി കെ.ടി ജലീലിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ ശരീരത്തില്‍ കയറിയിരുന്ന് മന്ത്രിയുടെ വാഹനത്തിന് വഴിയൊരുക്കിയ പൊലീസ് ഉദ്യോഗസ്ഥന്‍റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. സംഭവത്തില്‍ രോഷം പ്രകടിപ്പിച്ച്  യുവനേതാക്കള്‍ രംഗത്തെത്തി. പൊലീസിനെതിരെ സമൂഹമാധ്യമങ്ങളിലും വിമര്‍ശനം ഉയരുകയാണ്.

അമേരിക്കന്‍ പൊലീസ് കറുത്തവര്‍ഗ്ഗക്കാരനോട് കാണിച്ച ക്രൂരതയ്ക്ക് സമാനമാണ് പൊലീസ് ഉദ്യോഗസ്ഥന്‍റെ നടപടിയെന്നാണ് വിമര്‍ശനം. തോക്കിനും ലാത്തിക്കും തോറ്റിട്ടില്ലെന്ന് പാടി നടന്നവര്‍ ലാത്തിയെ പ്രതിരോധത്തിന്‍റെ അവസാന ആയുധമാക്കുന്നെന്ന് കെപിസിസി വൈസ് പ്രസിഡന്‍റ് പി.സി വിഷ്ണുനാഥ് ഫേസ്ബുക്കില്‍ കുറിച്ചു. ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥുമായി കേരളത്തിന്‍റെ ആഭ്യന്തര മന്ത്രിക്ക് ഛായ കൂടി വരുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു.

‘പൗരനും പിണറായി സര്‍ക്കാരും’ എന്നായിരുന്നു ചിത്രം പങ്കുവെച്ച് വി.ടി ബല്‍റാം എംഎല്‍എ കുറിച്ചത്. മന്ത്രി ജലീലിന് സ്വതന്ത്രമായി സഞ്ചരിക്കാൻ എന്തും ചെയ്യും ഈ സർക്കാറെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ.എസ് ശബരീനാഥന്‍ എംഎല്‍എയുടെ പോസ്റ്റ്. ‘അമേരിക്കയല്ല, അങ്കമാലിയാണ്…എങ്ങനെയും അഴിമതി വീരനെ സംരക്ഷിക്കും ഈ സർക്കാർ…’- റോജി.എം.ജോണ്‍ എംഎല്‍എയും കുറിച്ചു.