കണ്ണൂർ ഇരിട്ടി നഗരസഭയിലെ അങ്കണവാടി വർക്കർ – ഹെൽപ്പർ നിയമനത്തിലെ അഴിമതി: പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്സ്

 

കണ്ണൂർ: ഇരിട്ടി നഗരസഭയിലെ അങ്കണവാടി വർക്കർ – ഹെൽപ്പർ നിയമനത്തിലെ അഴിമതിയില്‍ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്സ്. ചട്ടങ്ങൾ ലംഘിച്ച് സ്വന്തക്കാരെയും ബന്ധുക്കളെയും നിയമിക്കുന്നതിന് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ്ജ്പറഞ്ഞു. മഹിള കോൺഗ്രസ് പ്രവർത്തകർ ജില്ല വനിത ശിശു വികസന ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാർട്ടിൻ ജോർജ്ജ്.

ഇരിട്ടി നഗരസഭയിലെ അങ്കണവാടി വർക്കർ – ഹെൽപ്പർ നിയമനത്തിന്‍റെ അഭിമുഖം നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധികരിച്ചപ്പോൾ ഞെട്ടിയത് പൊതുജനം മാത്രമല്ല സിപിഎം പ്രവർത്തകരുമാണ്. ആദ്യത്തെ ഒന്നു മുതൽ പതിമൂന്നാം റാങ്ക് വരെ ലഭിച്ചത് സിപി എം കൗൺസിലർമാരുടെയും പാർട്ടി നേതാക്കളുടെയും സ്വന്തക്കാർക്കും ബന്ധുക്കൾക്കും മാത്രമാണ്. റാങ്ക് പട്ടിക ഇങ്ങനെ, ഒന്നാം റാങ്ക് സിഡിഎസ് ചെയർപേഴ്സണ്‍, രണ്ടാം റാങ്ക് സിപിഎം കൗൺസിലറുടെ ഭാര്യയ്ക്ക്, മൂന്നാം റാങ്ക് സിപിഎം കൗൺസിലറുടെ സഹോദരന്‍റെ ഭാര്യയ്ക്ക്, നാലാം റാങ്ക് ഡിവൈഎഫ്ഐ നേതാവായ സിപിഎം മുൻ കൗൺസിലർക്ക്, അഞ്ചാം റാങ്ക് സിപിഎം കൗൺസിലറുടെ ഭാര്യയ്ക്ക്, ആറ് ലോക്കൽ കമ്മിറ്റി അംഗത്തിന്‍റെ ഭാര്യയ്ക്ക്, ഏഴ് കഴിഞ്ഞ തവണ നഗരസഭയിലേക്ക് മത്സരിച്ച് തോറ്റ സിപിഎം പ്രവർത്തകയ്ക്ക്, എട്ടാ റാങ്ക് വാർഡ് കൗൺസിലർക്ക്, പതിനൊന്നാ റാങ്ക് വൈസ് ചെയർമാന്‍റെ മകൾക്ക്, പതിമൂന്നാം റാങ്ക് സിപിഎം മുൻ വാർഡ് മെമ്പറുടെ മകന്‍റെ ഭാര്യയ്ക്കും നൽകി.

സ്വന്തക്കാർക്കും ബന്ധുകൾക്കും നിയമനം നൽകാനുള്ള നീക്കത്തിന് എതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. റാങ്ക് ലിസ്റ്റ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹിള കോൺഗ്രസ് പ്രവർത്തകർ ജില്ല വനിത ശിശു വികസന ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. സിപിഎം നേതാക്കളുടെ ബന്ധുകൾക്കും സ്വന്തക്കാർക്കും നിയമനം നൽകാനുള്ള നീക്കത്തിന് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു. സാധാരണക്കാരായ പ്രവർത്തകരെയും അവരുടെ ബന്ധുക്കളെയും അവഗണിച്ച് അങ്കണവാടി വർക്കർ – ഹെൽപ്പർ ജോലിക്കായുള്ള പട്ടികയിൽ നേതാക്കളുടെ ബന്ധുക്കളെയും, സ്വന്തക്കാരെയും തിരുകി കയറ്റിയതിൽ സിപിഎം പ്രവർത്തകരിലും അമർഷം പുകയുന്നുണ്ട്.

Comments (0)
Add Comment