അങ്കണവാടികളില്‍ അമൃതം പൊടിയില്ല; ഗോതമ്പ് കിട്ടാതായതോടെ പ്രവര്‍ത്തനം നിര്‍ത്തി കുടുംബശ്രീ യൂണിറ്റുകള്‍, പ്രതിസന്ധി


സംസ്ഥാനത്തെ അങ്കണവാടികളില്‍ അമൃതം പൊടി വിതരണം പ്രതിസന്ധിയില്‍. സബ്‌സിഡി നിരക്കിലുള്ള ഗോതമ്പ് കിട്ടാഞ്ഞതോടെ കോഴിക്കോട് ജില്ലയില്‍ പലയിടത്തും കുടുംബശ്രീ നിര്‍മ്മാണ യൂണിറ്റുകള്‍ പ്രവര്‍ത്തനം നിര്‍ത്തി. എഫ്സിഐയില്‍ നിന്ന് വിതരണം ചെയ്യുന്ന ഗോതമ്പ് സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് വൈകുന്നുവെന്നാണ് വനിതാ ശിശുക്ഷേമ വകുപ്പിന്റെ വിശദീകരണം. പല അങ്കണവാടികളിലും അമൃതം പൊടി കിട്ടാനില്ല. ആറുമാസത്തിനും മൂന്നുവയസിനുമിടയിലുള്ള കുട്ടികളുടെ പ്രധാന പോഷകാഹാരമാണ് അമൃതം ന്യൂട്രിമിക്‌സ്. ഇത് മിക്ക അങ്കണവാടികളിലും കിട്ടാതായിട്ട് ഒന്നരമാസം കഴിഞ്ഞു. സംസ്ഥാനത്തെ 241 കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നായി ആറ് ലക്ഷത്തോളം കുട്ടികളിലേക്കാണ് അമൃതം പൊടിയെത്തുന്നത്. മികച്ച രീതിയില്‍ മുന്നോട്ട് പോയ പോഷകാഹാര പദ്ധതിയാണ് പ്രതിസന്ധിയിലായത്. 2007 മുതല്‍ അമൃതം പൊടിയുണ്ടാക്കുന്ന രാമനാട്ടുകരയിലെ എലഗന്റ് ഫുഡ് പ്രൊഡക്ട്‌സ് ഇന്നുമുതല്‍ പ്രവര്‍ത്തനം നിര്‍ത്തുകയാണ്. ഗോതമ്പ് കിട്ടിയ ശേഷമേ ഇനി പ്രവര്‍ത്തനം പുനരാരംഭിക്കൂ.

ഗോതമ്പും സോയ ചങ്ക്‌സും ബംഗാള്‍ ഗ്രാമും നിലക്കടലയും പഞ്ചസാരയും ചേര്‍ത്താണ് അമൃതം പൊടിയുണ്ടാക്കുന്നത്. പകുതി ഗോതമ്പും ബാക്കി പകുതി മറ്റ് ധാന്യങ്ങള്‍ ചേര്‍ത്തുമെന്നാണ് അനുപാതം. രണ്ടര രൂപ സബ്‌സിഡി നിരക്കില്‍ ഗോതമ്പ് എഫ്‌സിഐയില്‍ നിന്നും ഐസിഡിഎസ് വഴി കിട്ടുന്നത് വെച്ചാണ് നിര്‍മാണ യൂണിറ്റുകള്‍ പിടിച്ചു നില്‍ക്കുന്നത്. അതാണ് മുടങ്ങിയത്. സാങ്കേതിക പ്രശ്‌നം മൂലം അലോട്ട്‌മെന്റ് ഓര്‍ഡര്‍ വൈകിയെന്നാണ് വനിതാ ശിശുക്ഷേമ വകുപ്പിന്റെ വിശദീകരണം. പ്രശ്‌നം എന്ന് പരിഹരിക്കപ്പെട്ടാലും അതുവരെ കുട്ടികള്‍ അഡ്ജസ്റ്റ് ചെയ്യേണ്ട സ്ഥിതിയുമാണ് സംസ്ഥാനത്ത്.

Comments (0)
Add Comment