ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ തിയേറ്ററുകളില്‍ വിജയപ്രദര്‍ശനം തുടരുന്നു ; ഭാസ്‌കരപൊതുവാളായി സുരാജ് വെഞ്ഞാറമൂടിന്‍റെ തകര്‍പ്പന്‍ പ്രകടനം

Jaihind News Bureau
Sunday, November 24, 2019

രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത് സുരാജ് വെഞ്ഞാറമൂട്, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സിനിമയാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25. കണ്ണൂരിലെ പയ്യന്നൂര്‍ എന്ന ഗ്രാമ പ്രദേശത്തെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ നടക്കുന്നത്.

ഭാസ്‌കര പൊതുവാള്‍ എന്ന അച്ഛന്‍റെയും സുബ്രമണ്യന്‍ എന്ന മകന്‍റെയും ജീവിതത്തില്‍ നടക്കുന്ന രസകരമായ കാര്യങ്ങള്‍ ആണ് സിനിമ പറഞ്ഞുപോകുന്നത്. മലയാളം സിനിമയില്‍ ഇത് വരെ കണ്ടിട്ടില്ലാത്ത പുതിയ ഒരു പ്ലോട്ട് ആണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ പറയുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍ന്‍റലിജന്‍സ് എന്ന സാങ്കേതിക വിദ്യയുടെ പുരോഗമനവും മാനുഷിക ഇഴയടുപ്പങ്ങളെ ആഴത്തില്‍ അവ എങ്ങനെ ബാധിക്കുന്നു എന്നതുമാണ് സിനിമ സംസാരിക്കുന്നത്.

മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബിരുദധാരിയായ സുബ്രഹ്മണ്യന് എറണാകുളത്തും ബാംഗ്ലൂരിലും ഒക്കെ ജോലി ലഭിച്ചിരുന്നു പക്ഷെ വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്ന അച്ഛനെ തനിച്ചാക്കി ജോലിക്ക് പോകാന്‍ സുബ്രഹ്മണ്യന് സാധിക്കുന്നില്ല. എന്നും വൈകിട്ട് വീട്ടില്‍ വരാന്‍ സാധിക്കുന്നിടത്ത് ജോലിക്ക് പോയാല്‍ മതിയെന്ന് പറയുന്നുമുണ്ട് ഭാസ്‌കര പെതുവാള്‍.

സിനിമയുടെ തുടക്കത്തില്‍ തന്നെ പുറമെ കര്‍ക്കശക്കാരനും അറുപിശുക്കനും പിടിവാശിക്കാരനും ആയ ഭാസ്‌കര പൊതുവാളിനെയാണ് പ്രേക്ഷകര്‍ കാണുന്നത്. ബന്ധുവായ പ്രസന്നന്‍ എന്ന സൈജു കുറുപ്പ് അവതരിപ്പിച്ച കഥാപാത്രം സുബ്രഹ്മണ്യന്‍റെ ജോലിക്കാര്യം ഭാസ്‌കര പൊതുവാളുമായി സംസാരിച്ച് ശരിയാക്കാം എന്നുപറഞ്ഞ് കടന്നുചെല്ലുന്നതും ഭാസ്‌കര പൊതുവാളിന്‍റെ അരിശം കണ്ട് പിന്‍തിരിഞ്ഞു ഓടുന്നതുംമൊക്കെ രസകരമായി കാണിച്ച് പോകുന്നുണ്ട് സംവിധായകന്‍.

സുരാജ് വെഞ്ഞാറമൂട് എന്ന അതുല്യ അഭിനയ പ്രതിഭയുടെ ജീവിതത്തിലെ മറ്റൊരു പൊന്‍തൂവല്‍ കൂടി ആയിരിക്കുകയാണ് ഭാസ്‌കര പൊതുവാള്‍ എന്ന കഥാപാത്രം. മാനറിസങ്ങളും മേക്കോവറും മാത്രമല്ല കണ്ണൂരിന്‍റെ പ്രാദേശിക ശൈലിയും വരെ ഒപ്പിയെടുത്ത് തിരശീലയില്‍ അവതരപ്പിച്ചിട്ടുണ്ട് താരം. സുബ്രഹ്മണ്യനെ അവതരിപ്പിച്ച സൗബിന്‍ വികാരഭരിതമായ അവസാന രംഗങ്ങള്‍ മികച്ച രീതിയില്‍ തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. റഷ്യയിലെ സെന്‍റ് പീറ്റേഴ്സ്ബര്‍ഗിലും, കേരളത്തിലെ പയ്യന്നൂരിലുമാണ് ചിത്രീകരണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസിന്‍റെ വിഷ്വല്‍ ട്രീറ്റും സിനിമയ്ക്ക് മുതല്‍ക്കൂട്ടായി മാറിയിട്ടുണ്ട്.

തമാശയിലൂടെയാണെങ്കില്‍ കൂടി വര്‍ഗീയതക്കെതിരെയും ചിത്രം സന്ദേശം നല്‍കുന്നു. അയല്‍ക്കാരനായ ബാബുവിനോട്  ഉളള ശത്രുതയും എന്നാല്‍ സൗദാമിനിയോടുളള അടുപ്പവും കാണുമ്പോള്‍ താങ്കള്‍ ഒരു  ഹിപ്പോക്രാറ്റ് ആണ് എന്ന് റോബോട്ട് പറയുന്നുണ്ട്. ഇങ്ങനെ ജാതിയതയുടെ മതില്‍ പൊളിച്ചടുക്കുന്ന ഒരുപാട് കാര്യങ്ങള്‍ സംവിധായകന്‍ രതീഷ് പൊതുവാള്‍ പറഞ്ഞ് പോകുന്നുണ്ട്.

മാല പാര്‍വതി , ഉണ്ണിരാജ, രാജേഷ് മാധവന്‍, ശിവദാസ് കണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. നവാഗത സംവിധായകന്‍ എന്ന നിലയില്‍ രതീഷ് പൊതുവാള്‍ മലയാളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ റോബോട്ടിക്ക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ സിനിമ എടുക്കാന്‍ ധൈര്യം കാണിച്ചതിന്  പ്രശംസ അര്‍ഹിക്കുന്നുണ്ട്.

ഒറ്റപ്പെടലിന്‍റെ വീര്‍പ്പുമുട്ടലും വിഷമവും ഒരാളെ എത്രത്തോളം ബാധിക്കും എന്ന് കാണിച്ച്  തരുന്നതിനോടൊപ്പം റോബോട്ടിക്ക് സാങ്കേതിക വിദ്യയുടെ വളര്‍ച്ചയും ശാസ്ത്ര സാങ്കേതിക വിദ്യയുടെ പരിമിധിയും വരെ പറഞ്ഞ് പോകുന്നുണ്ട് സിനിമയില്‍. ദ്വായാര്‍ത്ഥ പ്രയോഗങ്ങള്‍ ഇല്ലാത്ത സ്വാഭാവിക നര്‍മം ആവോളമുള്ള ഒരു കുടുംബചിത്രം ആണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25. പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രം.

-നിതു കൃഷ്ണ-