ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രാപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ രാഹുല്‍ഗാന്ധിയോടൊപ്പമെന്ന് സര്‍വ്വേഫലങ്ങള്‍. ദേശീയ വാര്‍ത്താ ചാനലായ ഇന്ത്യ ടുഡേ നടത്തിയ സര്‍വ്വേയില്‍ 51 ശതമാനം ആളുകള്‍ രാഹുല്‍ഗാന്ധിയെയാണ് അടുത്ത പ്രധാനമന്ത്രിയായി കാണുന്നത്. നരേന്ദ്രമോദിയുടെ പിന്തുണ 38 ശതമാനം മാത്രമാണ്. പ്രിയങ്കഗാന്ധിയുടെ രാഷ്ട്രീയ പ്രവേശത്തെ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ കാണുന്നതെന്നും ഇന്ത്യാടുഡേ സര്‍വ്വേഫലങ്ങള്‍ വ്യക്തമാക്കുന്നു. 44 ശതമാനം ജനങ്ങള്‍ പ്രിയങ്കഗാന്ധിയുടെ രാഷ്ട്രീയപ്രവേശം കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്നും 28 ശതമാനം ആളുകള്‍ മറിച്ചും ചിന്തിക്കുന്നതായി സര്‍വ്വേ പറയുന്നു. ആകെ 33 ശതമാനം ആളുകള്‍ മാത്രമാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സന്തുഷ്ടി പ്രകടിപ്പിക്കുന്നുള്ളൂ.
ആന്ധ്രയയില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനങ്ങളെ പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാണുന്നത്. ഇത്തവണ ആന്ധ്രയില്‍ തനിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. സംസ്ഥാനത്ത് ടിഡിപിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസിന് പിന്തുണനല്‍കിവരികയാണെന്നത് കോണ്‍ഗ്രസിന്റെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നുണ്ട്.
വരും ദിവസങ്ങളില്‍ തിരഞ്ഞെടുപ്പില്‍ സജീവമാകാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള പ്രത്യേക ബസ് റാലിക്ക് വന്‍ ജനപിന്തുണയാണ് ലഭിക്കുന്നത്.. 25 ലോക്‌സഭാ മണ്ഡലങ്ങളും ലക്ഷ്യം വെച്ചാണ് യാത്ര നടത്തുന്നത്.
ആന്ധ്രയില്‍ അധികാരത്തില്‍ എത്തിയാല്‍ സംസ്ഥാനത്തിന് പ്രത്യേക പദവിയെന്ന വാഗ്ദാനം യാഥാര്‍ത്ഥ്യമാക്കുമെന്നതാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഫിബ്രവരി 27 ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി റാലിയില്‍ പങ്കെടുക്കും. കോണ്‍ഗ്രസിന്റെ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ആന്ധ്രയില്‍ പ്രചരണത്തിന് എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.അധ്യക്ഷന്‍ രാഹുലിനൊപ്പം ഉമ്മന്‍ചാണ്ടിയും ശക്തമായ പ്രചരണ തന്ത്രങ്ങളുമായി സജീവമാണ്. ഉമ്മന്‍ചാണ്ടിയുടെ പ്രത്യേക താല്‍പര്യപ്രകാരം കുടുംബയോഗങ്ങളും നേതാക്കളുടെ വീടുകയറിയുള്ള പ്രചരണത്തിനും കോണ്‍ഗ്രസ് പദ്ധതിയിടുന്നുണ്ട്.