ആന്ധ്രയില്‍ കോണ്‍ഗ്രസിന്‍റെ ബസ് റാലിക്ക് ഇന്ന് തുടക്കം

Jaihind Webdesk
Tuesday, February 19, 2019

തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാകാന്‍ എഐസിസി ജനറൽസെക്രട്ടറി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ ആന്ധ്രയില്‍ കോണ്‍ഗ്രസിന്‍റെ ബസ് റാലിക്ക് ഇന്ന് തുടക്കം. നേതാക്കളുടെ യാത്ര ആന്ധ്രയില്‍ പാര്‍ട്ടിയുടെ കരുത്ത് തിരികെ പിടിക്കുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ. 25 ലോക്സഭാ മണ്ഡലങ്ങളിലും എത്തുന്ന റാലി ആന്ധ്രയുടെ പ്രത്യേക പദവി വിഷയമാണ് ഉയര്‍ത്തിപ്പിടിക്കുക.

27ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും റാലിയില്‍ പങ്കെടുക്കും.2,272 കിലോമീറ്റര്‍ 13 ജില്ലകളിലൂടെയാണ് എപിസിസിയുടെ പ്രത്യേക ഹോഡ ബറോസ യാത്ര കടന്നുപോകുന്നത്. അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തിന് പ്രത്യേക പദവിയെന്ന വാഗ്ദാനം യാഥാര്‍ഥ്യമാക്കുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് യാത്രയുടെ ലക്ഷ്യം.ടിഡിപി സഖ്യമില്ലാതെ തനിച്ചാണ് കോൺഗ്രസ് ആന്ധ്രയിൽ പോരാട്ടത്തിനിറങ്ങുന്നത്. സംസ്ഥാനത്തെ നയങ്ങളുടെ പേരില്‍ ടിഡിപിയെയും ആന്ധ്രയോടുള്ള നിലപാടിന്‍റെ പേരില്‍ ബിജെപിയെയും കുറ്റപ്പെടുത്തിയാവും കോണ്‍ഗ്രസ് പ്രചാരണം.

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയോടും പ്രചാരണത്തിനെത്തണമെന്ന് പിസിസി നേതൃത്വം അഭ്യര്‍ഥിച്ചിട്ടുണ്ട്. ഉമ്മൻചാണ്ടി തന്നെയാണ് ഹൈക്കമാൻഡിന് മുന്നിൽ ഈ ആവശ്യം ഉന്നയിച്ചത്.ഇന്നലെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധിയുമായി ഡൽഹിയിൽ ഉമ്മൻചാണ്ടി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

ബിജെപിക്ക് ഇതുവരെ കാലുറപ്പിക്കാന്‍ പറ്റാത്തസംസ്ഥാനത്ത് ആന്ധ്രാപ്രദേശ്. ദക്ഷിണേന്ത്യയില്‍ നിന്ന് കിട്ടുന്ന ഓരോ സീറ്റും കോണ്‍ഗ്രസിന് ഏറെ നിര്‍ണായകമാണ്.