ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി; ആന്ധ്രയിലെ എം.എല്‍.എ സ്ഥാനം രാജിവച്ചു പാര്‍ട്ടിവിട്ടു

Jaihind Webdesk
Monday, January 21, 2019

ഹൈദരാബാദ്: ദക്ഷിണേന്ത്യയില്‍ ചുവടുറപ്പിക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തിന് തിരിച്ചടികള്‍ തുടര്‍കഥകളാകുന്നു. ആന്ധ്രപ്രദേശിലെ നാല് എം.എല്‍.എമാരില്‍ ഒരാള്‍ പാര്‍ട്ടി അംഗത്വവും എം.എല്‍.എ സ്ഥാനവും രാജിവച്ചു. രാജമഹേന്ദ്രവരം എം.എല്‍.എ അകുല സത്യനാരായണയാണ് ബി.ജെ.പിയില്‍ നിന്ന് രാജിവച്ചത്. എം.എല്‍.എ സ്ഥാനം രാജിവച്ചുകൊണ്ട് നിയമസഭാ സ്പീക്കര്‍ കോഡേല ശിവപ്രസാദിന് രാജിക്കത്ത് നല്‍കി.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കന്ന ലക്ഷ്മി നാരായണയ്ക്കാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുന്നതായി കത്ത് നല്‍കിയത്. ആന്ധ്രപ്രദേശില്‍ ബി.ജെ.പിക്ക് നാല് എം.എല്‍.എമാരാണുള്ളത്. ഇതില്‍ ഒരാളാണ് രാജിവച്ച സത്യനാരായണ. എന്തുകൊണ്ടാണ് ബി.ജെ.പിയില്‍ നിന്ന് രാജിവയ്ക്കുന്നതെന്ന് സത്യനാരായണ വ്യക്തമാക്കിയിട്ടില്ല.

അതേസമയം നടന്‍ പവന്‍ കല്യാണ്‍ രൂപീകരിച്ച ജനസേന പാര്‍ട്ടിയില്‍ ചേരുമെന്ന് അകുല സത്യനാരായണ അറിയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ടി.ഡി.പിയുമായി സഖ്യത്തിലാണ് ബി.ജെ.പി മത്സരിച്ചത്. ടി.ഡി.പി എന്‍.ഡി.എ വിട്ടതിനാല്‍ ബി.ജെ.പിക്ക് ഇത്തവണ വിജയം ദുഷ്‌കരമായിരിക്കുമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.