ജലീലിനെ ചോദ്യംചെയ്യാന്‍ എന്‍ഐഎയും ; ചോദ്യംചെയ്യല്‍ രണ്ട് ദിവസത്തിനുള്ളിലെന്ന് സൂചന

 

കൊച്ചി: സ്വർണ്ണക്കടത്ത് കേസില്‍ മന്ത്രി കെ.ടി ജലീലിനെ എന്‍ഐഎ ചോദ്യംചെയ്യും. ദേശീയ വാർത്ത ഏജൻസിയോട് എൻ.ഐ.എ ഉന്നത ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ജലീലിന് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്റെ ക്ലീന്‍ ചിറ്റില്ല. ജലീലിനെ വീണ്ടും ചോദ്യംചെയ്യുമെന്ന് ഇ.ഡി മേധാവി അറിയിച്ചു. കഴിഞ്ഞദിവസം ജലീല്‍ നല്‍കിയ മൊഴികളും ഇ.ഡി പരിശോധിക്കുകയാണ്.  ജലീലിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് 2 ദിവസങ്ങളായി ചോദ്യം ചെയ്തെന്ന് സൂചന. വിമാനത്താവളത്തിലെത്തിയ നയതന്ത്ര പാഴ്സലുകളിലെ പ്രോട്ടോക്കോൾ ലംഘനം, സ്വർണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ടാണ് മന്ത്രി കെ.ടി ജലീലിനെ ഇ. ഡി രണ്ടുദിവസം ചോദ്യം ചെയ്തത്. സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ നശിപ്പിച്ച തെളിവുകൾ എൻ.ഐ.എ വീണ്ടെടുത്തു.

വ്യാഴാഴ്ച രാത്രി 7.30 മുതല്‍ 11 മണിവരെയും വെള്ളിയാഴ്ച രാവിലെയും ചോദ്യം ചെയ്തെന്നാണ് സൂചന. മൊഴിയെടുക്കല്‍ രഹസ്യമാക്കണമെന്ന് മന്ത്രി ആവശ്യപ്പെടുകയും ചെയ്തു. എറണാകുളത്തെ ഇ. ഡി ഓഫീസിൽ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. ജലീലിന്‍റെ മൊഴി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടര്‍ക്ക് കൈമാറി. മൊഴി പരിശോധിച്ചശേഷം തുടര്‍നടപടിയെന്ന് എന്‍ഫോഴ്സ്മെന്‍റ് അറിയിച്ചു. രണ്ടാം ദിവസത്തെ മൊഴിയെടുപ്പ് 2 മണിക്കൂർ കൊണ്ട് പൂർത്തിയായി. എന്നാൽ മൊഴിയെടുപ്പ് വിവരം മന്ത്രി ജലീലും അദ്ദേഹത്തിന്‍റെ ഓഫീസും രഹസ്യമാക്കി വെച്ചതിന് പിന്നാലെയാണ് പുതിയ വിവരം പുറത്ത് വന്നത്.

Comments (0)
Add Comment