രാജ്യത്തിന്റെ വിദേശ നയത്തിലും ആഭ്യന്തര സുരക്ഷയിലും മോദി സർക്കാർ വെള്ളം ചേർത്തുവെന്ന് രാജ്യസഭാ പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശർമ. കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നാൽ പെട്രോളിയം ഉല്പന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ കോൺഗ്രസ് പ്രകടന പത്രിക തയാറാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ആനന്ദ് ശർമ.
രാജ്യത്ത് ഇന്ധനവില കുതിച്ചുകയറുന്നത് കേന്ദ്ര സർക്കാരിന്റെ കെടുകാര്യസ്ഥത മൂലമാണെന്ന് ആനന്ദ് ശർമ പറഞ്ഞു. മുൻപ് യു.പി.എ അധികാരത്തിലുള്ള സമയത്ത് ക്രൂഡോയിൽ വില ഇന്നത്തേക്കാളും ഉയർന്നതായിരുന്നു. എന്നിട്ടും പെട്രോൾ ഡീസൽ വില വർധിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിമർശനമാണ് ജനാധിപത്യത്തിന്റെ കാതൽ. എന്നാൽ ചോദ്യങ്ങളെ ഭയപ്പെടുന്ന ഒരു സർക്കാരാണ് ഇന്ന് കേന്ദ്രം ഭരിക്കുന്നത്. അശാസ്ത്രീയമായി നടപ്പിലാക്കിയ ജി.എസ്.ടിയും നോട്ട് നിരോധനവും രാജ്യത്തിന്റെ നട്ടെല്ല് തകർത്തു. കള്ളപ്പണം തിരിച്ചുവരുമെന്ന് പറഞ്ഞത് വെറുതെയായി. നൂറുകണക്കിനാളുകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് മാത്രമാണ് നോട്ട് നിരോധനത്തിന്റെ ബാക്കിപത്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നിയമവും ആചാരാനുഷ്ഠാനങ്ങളും പരസ്പര പൂരകങ്ങളാകണമെന്ന് ആനന്ദ് ശർമ. ആചാരാനുഷ്ഠാനങ്ങളോട് മുഖംതിരിഞ്ഞു നിൽക്കുന്ന സമീപനം കോൺഗ്രസിനില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാമതങ്ങളെയും ഉൾക്കൊള്ളുന്ന സംസ്കാരമാണ് കോൺഗ്രസിന്റേത്. നിയമവും ആചാരാനുഷ്ഠാനങ്ങളും പരസ്പര പൂരകങ്ങളാകണമെന്നും ആനന്ദ് ശർമ പറഞ്ഞു. കേന്ദ്ര- സംസ്ഥാന സർക്കാരുകളാണ് ഇക്കാര്യത്തില് തുടർ നടപടികൾ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം വ്യകതമാക്കി.
ജനങ്ങളെ പൂർണമായും വഞ്ചിച്ച ഭരണമാണ് മോദിയുടേത്. റഫേൽ ഇടപാടിന്റെ ഗുണം ലഭിച്ചത് അനിൽ അംബാനിക്കാണെന്നും ഇടപാട് സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസ് അധികാരത്തിൽ വന്നാൽ പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തും. സാമ്പത്തികരംഗത്ത് കെടുകാര്യസ്ഥതയെന്നും രൂപയുടെ മൂല്യത്തകർച്ചയ്ക്ക് പ്രധാനമന്ത്രിയും ധനമന്ത്രിയും മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.