സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ; ഇത് പിണറായി സർക്കാരിന്‍റെ ഒടുക്കത്തിന്‍റെ തുടക്കമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

 

തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തില്‍. അക്രമത്തിന്‍റെ രക്ഷാകർത്താവായി മുഖ്യമന്ത്രി മാറിയെന്നും രാഹുൽ മാങ്കൂട്ടത്തിൽ കുറ്റപ്പെടുത്തി. ഇത് പിണറായി സർക്കാരിന്‍റെ ഒടുക്കത്തിന്‍റെ തുടക്കമാണെന്ന പറഞ്ഞ രാഹുല്‍ വ്യാജ ചികിത്സാരേഖ ആരോപണം തെളിയിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ വെല്ലുവിളിച്ചു.

ചെറിയ എതിർ ശബ്ദങ്ങളെ പോലും അടിച്ചമർത്തുന്ന മുഖ്യമന്ത്രി സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പിലാക്കുകയാണ്. അക്രമത്തിന്‍റെ രക്ഷാകർത്താവായി മുഖ്യമന്ത്രി മാറിയെന്നും പോലീസിലെ ഗുണ്ടാ പടയ്ക്കു ഗുഡ് സർവീസ് എൻട്രി നൽകുകയാണെന്നും രാഹുല്‍ പറഞ്ഞു. താൻ സമർപ്പിച്ചത് വ്യാജ ചികിത്സ രേഖയാണെന്ന ആരോപണം തെളിയിക്കാന്‍ എം.വി. ഗോവിന്ദനെ രാഹുൽ വെല്ലുവിളിച്ചു. ആശുപത്രിയിൽ ഒന്നിച്ച് പരിശോധനയ്ക്ക് പോകാൻ തയാറാണെന്നും രാഹുൽ പറഞ്ഞു.

“പിണറായിക്ക് വാഴ്ത്തുപാട്ട് പാടുന്ന തിരക്കുണ്ടെന്നറിയാം. അതുകൊണ്ട് ഗോവിന്ദന് സൗകര്യമുള്ള ഒരു ദിവസം പറഞ്ഞാല് ആശുപത്രിയിൽ ഒരുമിച്ചു പോയി ചികിത്സാരേഖകൾ നേരിട്ട് പരിശോധിക്കാം” – രാഹുൽ പറഞ്ഞു.

പോലീസ് ജനാധിപത്യബോധമില്ലാതെ പെരുമാറുകയാണെന്നും ചിലരുടെ ആജ്ഞാനുവർത്തിയായി പ്രവർത്തിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. ശക്തമായ സമര പരമ്പരകളുമായി തെരുവിൽ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. നവകേരള സദസ് കൊണ്ട് എന്തുനേടിയെന്ന ഓഡിറ്റ് സമരം ഉൾപ്പെടെയുള്ള യുവജന പ്രക്ഷോഭങ്ങളുമായി യൂത്ത് കോൺഗ്രസ് രംഗത്തിറങ്ങും. യുവജനസമരങ്ങളെ അടിച്ചമർത്തുന്ന പിണറായി സർക്കാർ ബംഗാള്‍ മറക്കരുതെന്നും രാഹുല്‍ ഓർമ്മിപ്പിച്ചു.

Comments (0)
Add Comment