സി.ഒ.ടി.നസീർ വധശ്രമക്കേസ് : എ.എൻ.ഷംസീർ എം.എൽ.എ.യുടെ മൊഴിയെടുക്കും

Jaihind Webdesk
Tuesday, July 2, 2019

Shamseer-Naseer

സിപിഎം മുൻ നേതാവ് സി.ഒ.ടി.നസീർ വധശ്രമക്കേസിൽ എ.എൻ.ഷംസീർ എം.എൽ.എ.യുടെ മൊഴിയെടുക്കാൻ പോലീസ് തീരുമാനം. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ സ്പീക്കറെ അറിയിച്ച ശേഷമായിരിക്കും മൊഴിയെടുക്കുക.

തന്നെ വധിക്കാൻ ശ്രമിച്ച സംഭവത്തിന്‍റെ ഗൂഢാലോചനയിൽ എ.എൻ ഷംസീർ എംഎൽഎയ്ക്ക് പങ്കുണ്ടെന്ന് സി ഒ ടി നസീർ നിരന്തരം ആരോപിച്ചിരുന്നു. ഗൂഢാലോചന നടത്തിയ പ്രതി എൻ.കെ.രാഗേഷിന്‍റെ അറസ്റ്റോടെ അന്വേഷണം ഷംസീറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി നസീർ പറയുകയും ചെയ്തിരുന്നു. സി.പി.എം.ബ്രാഞ്ച് സെക്രട്ടറിയും തലശ്ശേരി ഏരിയ കമ്മിറ്റി ഓഫീസ് മുൻ സെക്രട്ടറിയുമായ രാഗേഷ് ഷംസീറിന്‍റെ സന്തതസഹചാരിയാണ്. ഷംസീറിന്‍റെ നിഴൽ പോലെ നടക്കുന്ന രാഗേഷാണ് നസീറിനെ അക്രമിക്കാൻ തന്നോട് നിർദേശിച്ചതെന്ന് ചോദ്യം ചെയ്യലിൽ മറ്റൊരു പ്രതിയായ പൊട്ടി സന്തോഷ് പോലീസിനോട് പറഞ്ഞിരുന്നു. മാത്രമല്ല, രാഗേഷ് ഉപയോഗിക്കുന്ന കാറിൽ വെച്ചായിരുന്നു ഗൂഢാലോചനയുടെ തുടക്കം. ഗൂഢാലോചനയുടെ അന്വേഷണം തൃപ്തികരമല്ലെങ്കിൽ സി.ബി.ഐ.അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് നസീർ പറഞ്ഞിരുന്നു. ഹർജിയുമായി നസീർ കോടതിയിലെത്തിയാൽ ആരോപണവിധേയനായ എ.എൻ ഷംസീറിനെ ചോദ്യം ചെയ്യാത്തതിനെ കുറിച്ച് ചോദ്യമുയർന്നേക്കാം. ഇത് മുൻകൂട്ടിക്കണ്ടാണ് ഷംസീറിന്‍റെ മൊഴിയെടുക്കാൻ പോലീസ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ മൊഴിയെടുക്കുന്നത് വൈകുന്നതിന് പിന്നിൽ ഉന്നതതല സമ്മർദമുണ്ടെന്ന് ആരോപണവും ഉയരുന്നുണ്ട്. നിയമസഭ സമ്മേളനം നടക്കുന്നതിനാൽ സ്പീക്കറെ അറിയിച്ച ശേഷമായിരിക്കും മൊഴിയെടുക്കുക.

മേയ് 18-ന് രാത്രി 7.30-നാണ് തലശ്ശേരി നഗരത്തിലെ കായ്യത്ത് റോഡിൽ വെച്ചാണ് നസീർ ആക്രമിക്കപ്പെട്ടത്. കേസിൽ ഇതുവരെ അറസ്റ്റിലായവരെല്ലാം സി.പി.എം.പ്രവർത്തകരാണ്.