‘മോണിക്ക ഒരു എ ഐ സ്റ്റോറി’ ഇന്ത്യൻ സിനിമയുടെ സമൂല മാറ്റത്തിന് തുടക്കം കുറിക്കും: എ.എൻ. ഷംസീർ

 

കണ്ണൂർ: ഇന്ത്യൻ സിനിമയുടെ സമൂല മാറ്റത്തിന് ‘മോണിക്ക ഒരു എ ഐ സ്റ്റോറി’ തുടക്കമാവുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ. എ ഐ വിഷയമാക്കിയുള്ള ഇന്ത്യയിലെ ആദ്യത്തെ സിനിമ ‘മോണിക്ക ഒരു എ ഐ സ്റ്റോറി’യുടെ ഇരുപത്തിയഞ്ചാം ദിനാഘോഷം ചാലക്കര എക്സൽ പബ്ലിക് സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.എം. അഷ്‌റഫ് സംവിധാനം ചെയ്ത സിനിമയാണ് മോണിക്ക ഒരു എ ഐ സ്റ്റോറി.  ഇന്ത്യയിലെ ആദ്യത്തെ എ ഐ സിനിമ എന്ന നിലയില്‍ ഇന്ത്യ ഗവണ്‍ന്മെന്‍റിന്‍റെ അംഗീകാരം നേടിയ സിനിമയില്‍ അമേരിക്കന്‍ വംശജ അപര്‍ണ മള്‍ബറി, ഗോപിനാഥ് മുതുകാട് മാളികപ്പുറം ഫെയിം ശ്രീപത് എന്നിവരാണ് അഭിനയിക്കുന്നത്.

സ്നേഹം നഷ്ടപ്പെട്ട ഒരു സമൂഹത്തിൽ പാഠഭാഗം മാത്രം പറഞ്ഞ് കൊടുക്കുകയല്ല മറിച്ച് ഒരു ഗുരുനാഥനും അപ്പുറം രണ്ടാം രക്ഷിതാവായി അധ്യാപകർ മാറണമെന്ന് എ.എന്‍. എംസീർ പറഞ്ഞു . കുട്ടികളുടെ മനഃശാസ്ത്രം അറിയാൻ ഗുരുനാഥന് കഴിയണമെന്നും അതിന് എങ്ങനെയാണ് അധ്യാപകരിൽ മാറ്റം വരുത്തേണ്ടതെന്നുമാണ് സർക്കാർ ആലോചിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നാളെയുടെ വലിയ മാറ്റമാണ് മോണിക്ക സിനിമ ചൂണ്ടിക്കാട്ടുന്നത്. സാങ്കേതികവോടെയും സാമൂഹ്യപ്രതിബദ്ധതയോടെയുമാണ് നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട വിഷയം മോണിക്ക ഒരു സ്റ്റോറിയിൽ അവതരിപ്പിച്ചിട്ടുള്ളത്. പ്രതികൂല കാലാവസ്ഥ മൂലം പരിപാടിയിൽ എത്താൻ സാധിച്ചില്ലെങ്കിലും വീഡിയോ സന്ദേശത്തിലൂടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നോർക്ക റൂട്ട്സ് ഡയറക്ടർ ജെ.കെ. മേനോനും ചടങ്ങിന് ആശംസകൾ നേർന്നു.

നല്ല രീതിയിൽ സാങ്കേതികതയെ ഉപയോഗിക്കാൻ കഴിയുന്ന ഒരു സാഹചര്യം ലോകത്ത് ഉണ്ടാവേണ്ടതുണ്ടെന്നും ഏതൊരു സാങ്കേതികതയും നന്മയ്ക്കു വേണ്ടിയായിരിക്കണമെന്നും വി.ഡി. സതീശൻ പറഞ്ഞു. മോണിക്ക ഒരു എ ഐ സ്റ്റോറിയുടെ നിർമാതാവ് മൻസൂർ പള്ളൂരും സംവിധായകൻ ഇ.എം. അഷ്റഫും സിനിമയിലൂടെ എ ഐ യുടെ നല്ല വശം കാണിച്ചു തന്നത് ഒരു വലിയ നേട്ടമാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. കടലാസിൽ എഴുതിയ കാലത്ത് നിന്ന് ടൈപ്പ് റൈറ്ററിലേക്കും പിന്നീട് കമ്പ്യൂട്ടറിലേക്കും മാറിയ ലോകം ഇന്ന് എ ഐയിലേക്ക് നീങ്ങുകയാണ്. എ ഐയെക്കുറിച്ച് സാമൂഹ്യ പ്രതിബദ്ധതയുള്ള സിനിമ പുറത്തിറക്കിയ നിർമ്മാതാവിനെയും സംവിധായകനെയും ജെ.കെ. മേനോൻ സന്ദേശത്തിലൂടെ അഭിനന്ദിച്ചു.

നമുക്ക് മുന്നിൽ ഒരുപാട് സിനിമകൾ ഉണ്ടെങ്കിലും പ്രദർശനത്തിന് തിയേറ്ററുകൾ കുറവേ ഉള്ളൂ എന്ന് വിഖ്യാത നോവലിസ്റ്റ് എം. മുകുന്ദൻ പറഞ്ഞു. എ ഐയെ നമ്മൾ ഭയപ്പെടേണ്ടതില്ല സാഹിത്യ മേഖലകളിലേക്കും അത് കടന്നുവന്നു കഴിഞ്ഞു. എഐക്ക് സ്വപ്നം കാണാൻ ആവില്ലെന്നും പ്രണയിക്കാൻ കഴിയില്ലെന്നും വികാരങ്ങൾ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാലും ആരോഗ്യ വിദ്യാഭ്യാസ ശാസ്ത്ര മേഖലകളിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ അതിന്നാകുമെന്ന് എം. മുകുന്ദൻ പറഞ്ഞു. അതിലേക്ക് വിരൽ ചൂണ്ടുന്ന സിനിമയാണ് മോണിക്ക ഒരു എ ഐ സ്റ്റോറിയെന്നും എം. മുകുന്ദൻ ചൂണ്ടിക്കാട്ടി.

ഹൈപ്പർ ആക്ടീവായ ഒരു കുട്ടി പിറന്ന് വീഴുന്നത് ആ കുട്ടിയുടെ തെറ്റ് കൊണ്ടല്ലെന്നും അങ്ങിനെയുള്ള കുട്ടിയുടെ കഥ പറഞ്ഞ ഒരു നല്ല സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്നും ഗോപിനാഥ് മുതുകാട് തന്‍റെ മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു.  ഒരു തീയേറ്ററിൽ 25 ദിവസം സിനിമ പ്രദർശിപ്പിക്കുക എന്നത് ഇക്കാലത്ത് അപൂർവമായി നടക്കുന്ന കാര്യമാണെന്നും ഇത്രയും കുട്ടികൾ സിനിമ കാണാൻ എത്തുന്നു എന്നത് ഇതാദ്യമാണെന്നും ലിവർട്ടി ബഷീർ പറഞ്ഞു. മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്കൂൾ ചെയർമാൻ മമ്പറം ദിവാകരൻ, പള്ളൂർ ഹൈസ്കൂളിലെ മുൻ അധ്യാപകൻ ദാമോദരൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. ചിത്രത്തിലെ അഭിനേതാക്കളെയും ക്യാമറക്ക് പിന്നിൽ പ്രവർത്തിച്ചവരെയും ചടങ്ങിൽ ആദരിച്ചു. നിറഞ്ഞ സദസ്സിൽ കുട്ടികളുടെ സ്വാഗത സംഗീത ശില്പത്തോടെയാണ് പരിപാടികൾക്ക് തുടക്കമിട്ടത്. നിർമ്മാതാവ് മൻസൂർ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. സംവിധായകൻ ഇ.എം. അഷറഫ് ആമുഖ പ്രഭാഷണം നടത്തി. ഡോക്ടർ പി. രവീന്ദ്രൻ സ്വാഗതവും പ്രിൻസിപ്പൽ സതി എം. കുറുപ്പ് നന്ദിയും പറഞ്ഞു.

Comments (0)
Add Comment