ബംഗളൂരു: മഹാത്മാഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായ 1924 ലെ ബെല്‍ഗാം സമ്മേളനത്തിന്റെ ഓര്‍മ്മപുതുക്കി സംഘടിപ്പിക്കുന്ന കോണ്‍ഗ്രസ് മഹാസമ്മേളനത്തിന്റെ ഭാഗമായുള്ള വിശാല പ്രവര്‍ത്തകസമിതിയോഗം കര്‍ണാടകയിലെ ബെലഗാവിയില്‍ ചേരുന്നു. നൂറ് വര്‍ഷം മുന്‍പ്, 1924-ല്‍, ബെലഗാവിയില്‍ വെച്ചാണ് മഹാത്മാഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷപദം ഏറ്റെടുത്തത്. ഇതിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് അതേ സ്ഥലത്ത് വച്ച് തന്നെ വീണ്ടും പ്രവര്‍ത്തകസമിതി ചേരുന്നത്.
നവസത്യാഗ്രഹ് ബൈഠക്’ എന്ന് പേരിട്ട വിശാലപ്രവര്‍ത്തക സമിതിയോഗം മഹാത്മാഗാന്ധി നഗറില്‍ വൈകിട്ട് മൂന്ന് മണിക്കാണ് തുടങ്ങിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് യോഗത്തിന് അധ്യക്ഷ വഹിക്കുന്നത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വയനാട് എംപി പ്രിയങ്ക ഗാന്ധി എന്നിവരുള്‍പ്പെടെ ഇരുന്നൂറിലധികം പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്നു. 27 ന് രാവിലെ 11.30ന് ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാന്‍ മഹാറാലി നടക്കും. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളടക്കം ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നതാകും റാലി. സമ്മേളനത്തില്‍ സുപ്രധാനമായ രണ്ട് പ്രമേയങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. ആരോഗ്യകാരണങ്ങളാല്‍ സോണിയാഗാന്ധി യോഗത്തിനെത്തില്ല.