ഭർത്താവിനെ അവസാനമായി കാണാന്‍ അമൃതയ്ക്ക് കഴിഞ്ഞില്ല; എയര്‍ ഇന്ത്യ എക്‌സ്പ്രസിനെതിരെ പരാതിയുമായി കുടുംബം

 

തിരുവനന്തപുരം:  എയര്‍ ഇന്ത്യ എക്‌സ്പ്രസ് മുന്നറിയിപ്പില്ലാതെ  വിമാന സര്‍വീസുകള്‍ റദ്ദാക്കിയപ്പോള്‍ തന്‍റെ ഭർത്താവിനെ അവസാനമായി കാണാന്‍ കഴിയാതെ അമൃത. മുന്നറിയിപ്പില്ലാതെ വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടതോടെ ഒമാനില്‍ ഗുരുതരാവസ്ഥയില്‍ ഐസിയുവിലായിരുന്ന ഭര്‍ത്താവിനെ കാണാന്‍ പോകാന്‍ അമൃതയ്ക്ക് സാധിച്ചില്ല. ഇന്നലെ അമൃതയുടെ ഭർത്താവ് നമ്പി രാജേഷ് മരിച്ചു. ജീവനക്കാരുടെ പണിമുടക്കില്‍ അമൃതയുടെ യാത്ര മുടങ്ങി. സംഭവത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് മറുപടി പറയണമെന്ന ആവശ്യവുമായി കുടുംബം രംഗത്തെത്തിയിരിക്കുകയാണ്.

മസ്‌കറ്റില്‍ ഐടി മാനേജരായി ജോലി ചെയുകയായിരുന്നു നമ്പി രാജേഷ്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ പണിമുടക്കില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച നിരവധി യാത്രക്കാര്‍ പ്രതിസന്ധിയിലായിരുന്നു. തന്‍റെ ഭർത്താവ് ഗുരിതരാവസ്ഥയിലാണെന്ന് അറിഞ്ഞ അമൃത പെട്ടെന്ന് തന്നെ ഭർത്താവിന്‍റെ അരികിലെത്താന്‍ ടിക്കറ്റ് ബുക്ക് ചെയ്തു. എല്ലാ നടപടിക്രമങ്ങളും പൂർത്തിയായി വുമാനം കയറുന്നതിന് തൊട്ടു മുമ്പ് വിമാനം റദ്ദാക്കിയെന്ന് അറിയിപ്പ് ലഭിക്കുകയായിരുന്നു. പല ആളുകളെയും കണ്ട് കരഞ്ഞപേക്ഷിച്ച് അവസാനം അടുത്ത ദിവസത്തേക്ക് ടിക്കറ്റ് കിട്ടി. എന്നാല്‍ സമരം മൂലം അന്നും യാത്ര നടന്നില്ല. എന്നാല്‍ തന്‍റെ ഭർത്താവ് മരിച്ചെന്ന് ഇന്നലെ അമൃതയറിഞ്ഞു. അവസാനമായി ഭർത്താവിനെ ഒരു നോക്കു പോലും കാണാന്‍ സാധിച്ചില്ല.

കഴിഞ്ഞ ഏഴാം തീയ്യതിയാണ് രാജേഷിനെ ഹൃദയാഘാതം മൂലം ഒമാനിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യയെ കാണണം എന്ന് അന്നുതന്നെ രാജേഷ് പറഞ്ഞിരുന്നു. ഇന്ന് രാത്രി രാജേഷിന്‍റെ മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് അറിയുന്നത്. നാളെയോടെ നാട്ടില്‍ സംസ്‌കാരം നടത്താനാണ് തീരുമാനം. രാജേഷിന്‍റെ മരണത്തിന് ഉത്തരവാദികൾ എയർ ഇന്ത്യ എക്സ്പ്രസ് വിമാന കമ്പനി ആണെന്ന ആരോപണം ഉന്നയിക്കുകയാണ് കുടുംബം.

Comments (0)
Add Comment