സവര്‍ക്കറെ ‘വീരനാ’ക്കാന്‍ അമിത് ഷാ; നുണകൊണ്ട് ചരിത്രം മാറ്റിയെഴുതണമെന്നും ആവശ്യം

Jaihind Webdesk
Friday, October 18, 2019

Amit-Shah

വികസനങ്ങളോ നേട്ടങ്ങളോ പുറത്തുപറയാനില്ലാത്ത കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഹൈന്ദവ വോട്ടിനുവേണ്ടി സവര്‍ക്കറെയാണ് ഇത്തവണ കൂട്ടുപിടിച്ചിരിക്കുന്നത്. ഗാന്ധി വധത്തില്‍ അഞ്ചാമത്തെ പ്രതിയാണ് വിനായക് സവര്‍ക്കര്‍, അതിന് മുമ്പ് ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി നല്‍കി സ്വാതന്ത്ര സമരത്തെ വഞ്ചിച്ച സവര്‍ക്കറിന് പുതിയൊരു ഭാഷ്യം ചമയ്ക്കാനുള്ള വേദിയായാണ് മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പ് പ്രചാരണ വേദികളെ അമിത് ഷായും കൂട്ടരും കാണുന്നത്. സവര്‍ക്കരിന് ഭാരതരത്‌ന നല്‍കാനുള്ള നീക്കത്തിലാണ് ഇപ്പോള്‍ കേന്ദ്രം. ചരിത്രം മാറ്റിയെഴുതണമെന്നും അമിത് ഷാ ആവശ്യപ്പെടുന്നു.

സവർക്കർക്ക് ഭാരതരത്ന നൽകാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്ന് കഴിഞ്ഞ ദിവസം ബിജെപി മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പറഞ്ഞതിന് പിന്നാലെയാണ് വിവാദം ഉയര്‍ത്തി അമിത് ഷായുടെ പ്രസംഗം. വാരാണസിയിലെ ബനാറസ് ഹിന്ദു സർവകലാശാലയിൽ അന്താരാഷ്ട്ര സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കാനുള്ള ബിജെപി നീക്കത്തില്‍ എതിര്‍പ്പറിയിച്ച് ദിഗ് വിജയ് സിംഗ്. മഹാത്മാഗാന്ധി വധത്തിലെ ഗൂഢാലോചനയില്‍ സവര്‍ക്കര്‍ക്ക് പങ്കുണ്ടായിരുന്നുവെന്ന കാര്യം ബിജെപി മറക്കരുതെന്നും, അദ്ദേഹത്തിനെതിരെ മുമ്പ് കേസെടുത്തിരുന്നുവെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു.

സവര്‍ക്കറുടെ ജീവിതത്തില്‍ രണ്ട് ഘട്ടങ്ങളുണ്ട്. ആദ്യത്തേത് അദ്ദേഹം സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതാണ്. എന്നാല്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത് അദ്ദേഹം തിരിച്ചുവന്നു. ഗാന്ധി വധത്തില്‍ സവര്‍ക്കര്‍ പങ്കുണ്ടെന്ന കാര്യം പകല്‍ പോലെ വ്യക്തമാണെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു.