ന്യൂഡല്‍ഹി : ബി.ജെ.പിക്ക് കലാപമുണ്ടാക്കാനും വിദ്വേഷം പ്രചരിപ്പിക്കാനും മാത്രമാണ് അറിയാവുന്നതെന്ന് ആം ആദ്മി പാർട്ടി നേതാവും എം.പിയുമായ അജോയ് കുമാർ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് വിദ്വേഷമല്ലാതെ മറ്റൊന്നും അറിയില്ല. വെറുപ്പിന്‍റെ രാഷ്ട്രീയത്തിന് നേതൃത്വം നല്‍കുന്നത് അമിത് ഷാ ആണെന്നും അജോയ് കുമാർ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബി.ജെ.പി പറയുന്നത് ഷാഹിന്‍ ബാഗിനെക്കുറിച്ച് മാത്രമാണ്. വോട്ടര്‍മാര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനാണ് അവരുടെ ശ്രമം. അവര്‍ക്ക് അത് മാത്രമേ അറിയൂ എന്നതാണ് ഇതിന്‍റെ കാരണം.ബി.ജെ.പി എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ജനങ്ങള്‍ക്ക് അറിയാം. ഡെക്കാന്‍ ഹെറാള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരിന്നു അജോയ് കുമാർ. വെറുപ്പിന്‍റെ രാഷ്ട്രീയത്തിന് നേതൃത്വം നല്‍കുന്നത് അമിത് ഷായെക്കുറിച്ചും അജോയ് കുമാർ തുറന്നടിച്ചു.
‘വിദ്വേഷമല്ലാതെ അമിത് ഷായ്ക്ക് മറ്റൊന്നും അറിയില്ല. വികസനം എന്താണെന്നുപോലും അദ്ദേഹത്തിന് അറിയില്ല. ആദ്യമൊക്കെ സ്‌കൂളുകളെക്കുറിച്ചും വികസനത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കാറുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ പാര്‍ട്ടിയില്‍ അതിനൊന്നും വലിയ വിലയില്ലെന്ന് അദ്ദേഹം എളുപ്പം മനസിലാക്കി. വെറുപ്പ് മാത്രമാണ് അദ്ദേഹത്തിന് അറിയാവുന്നത്. വെറുപ്പിലൂന്നി പ്രചാരണം കൊഴുപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അദ്ദേഹമാണതിന് നേതൃത്വം കൊടുക്കുന്നതും. അദ്ദേഹത്തിന് മറ്റെന്തെങ്കിലും അറിയാമെന്ന് എനിക്ക് തോന്നുന്നില്ല’ – അജോയ് കുമാര്‍ പറഞ്ഞു.
എ.എ.പി പൗരത്വ ഭേദഗതി നിയമത്തിനെതിരാണെന്ന് പറഞ്ഞെങ്കിലും വിഷയത്തില്‍ കൂടുതല്‍ സംസാരിക്കാന്‍ അജോയ് കുമാര്‍ തയാറായില്ല. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം, വിദ്യാഭ്യാസം, ഗതാഗതം, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.