കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ വീണ്ടും സർക്കാർ ധൂർത്ത്. ഡൽഹിയിലെ സംസ്ഥാന സർക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായ എ സമ്പത്തിന് കേരള ഹൗസിന് പുറത്ത് വസതിയും ഓഫീസും വാഹനവും അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവ് ഇറക്കി. അധിക ചെലവ് ഉണ്ടാകാത്ത തരത്തിൽ കേരള ഹൗസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കും എന്നായിരുന്നു സർക്കാർ പ്രഖ്യാപനം.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലാണ് എ സമ്പത്തിന് ഡൽഹിയിൽ വസതിയും ഓഫീസും വാഹനവും അനുവദിച്ചുകൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കേരള ഹൗസിന് പുറത്തായിരിക്കും വസതിയും പുതിയ ഓഫീസും അനുവദിക്കുക. അധിക ചെലവ് ഇല്ലാതെയാണ് ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി എ സമ്പത്തിനെ നിയമിച്ചതെന്നായിരുന്നു സർക്കാർ വാദം. സമ്പത്തിന്‍റെ ഓഫീസ് കേരള ഹൗസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
എന്നാൽ കേരള ഹൗസിന് പുറത്തേക്ക് ഓഫീസും വസതിയും മാറ്റാനാണ് പുതിയ തീരുമാനം. ഇതിനായി മാസം തോറും നല്ലൊരു തുക സർക്കാരിന് ചെലവഴിക്കേണ്ടിവരും. എ സമ്പത്തിനെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കോടെ നിയമിച്ച നടപടി നേരത്തെ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സമ്പത്തിന് പേഴ്സണൽ സ്റ്റാഫുകളെ അനുവദിക്കാനുള്ള തീരുമാനവും വിവാദത്തിന് കാരണമായി. പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്‍റ്, ഡ്രൈവര്‍, ഓഫീസ് അറ്റന്‍ഡർ എന്നിവരെയാണ് അടുത്തിടെ അനുവദിച്ചത്. സ്റ്റാഫുകള്‍ക്ക് വീട്ടുവാടകയും അനുവദിച്ചുകൊണ്ടാണ് അന്ന് പൊതുഭരണ വകുപ്പ് ഉത്തരവ് ഇറക്കിയത്.
ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സമ്പത്തിനും സ്റ്റാഫ് അംഗങ്ങൾക്കുമായി യാത്രാബത്ത ഇനത്തിലും ലക്ഷങ്ങളാണ് സർക്കാർ ഇപ്പോൾ ചെലവഴിക്കുന്നത്. ഇതിന് പുറമെയാണ് വസതിയും പുതിയ ഓഫീസും വാഹനവും കൂടി അനുവദിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്‍റെ പദ്ധതികളും സഹായവും വേഗത്തില്‍ നേടിയെടുക്കാനാണ് പ്രത്യേക പ്രതിനിധിയെ നിയമിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ആറ്റിങ്ങല്‍ എം.പിയായിരുന്ന സമ്പത്ത് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു.