കൊവിഡിന്‍റെ മറവില്‍ 44 ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്ക് കൂടി അനുമതി നല്‍കാനൊരുങ്ങി സര്‍ക്കാര്‍

Jaihind News Bureau
Tuesday, June 30, 2020

തിരുവനന്തപുരം:  കൊവിഡിന്‍റെ മറവില്‍ സംസ്ഥാനത്ത് 44 ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്ക് കൂടി അനുമതി നല്‍കാനൊരുങ്ങി സര്‍ക്കാര്‍. ഇതുസംബന്ധിച്ച നടപടികള്‍ ആരംഭിച്ചു. ബിയര്‍-വൈന്‍ പാര്‍ലറുകള്‍ ആരംഭിക്കുന്നതിനായി 44 ടൂറിസം കേന്ദ്രങ്ങള്‍ കണ്ടെത്തി നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 22ന് ടൂറിസം സെക്രട്ടറി, ടൂറിസം ടയറക്ടര്‍ക്ക് കത്തയച്ചു.

എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് പ്രകാരം നികുതി വകുപ്പാണ് സംസ്ഥാനത്തെ പ്രധാനപ്പെട്ട 44 ടൂറിസം കേന്ദ്രങ്ങള്‍ ഏതെല്ലാമെന്ന് കണ്ടെത്തി നല്‍കണമെന്ന് ടൂറിസം വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എത്രയും വേഗം ഇതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. മദ്യവര്‍ജനമാണ് നയമെന്ന് പറയുന്നതിനിടെയാണ് സംസ്ഥാനത്ത് വന്‍തോതില്‍ മദ്യശാലകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ നീക്കം തുടരുന്നത്.