ധൂര്‍ത്ത് അവസാനിപ്പിക്കാതെ സര്‍ക്കാര്‍; കൊവിഡ് പ്രതിസന്ധിക്കിടെ സഹകരണ സംഘം ജോയിന്‍റ് രജിസ്ട്രാര്‍ക്ക് പുതിയ കാര്‍ വാങ്ങാന്‍ അനുവദിച്ചത് 7,41,084 രൂപ

Jaihind News Bureau
Wednesday, May 13, 2020

കൊവിഡ് കാലത്ത് കടുത്ത പ്രതിസന്ധിയിലാണെന്ന് പറയുമ്പോഴും  ധൂര്‍ത്ത് തുടരുകയാണ് സംസ്ഥാന സര്‍ക്കാര്‍.  കാസര്‍ഗോഡ് സഹകരണ സംഘം ജോയിന്‍റ് രജിസ്ട്രാറുടെ ഉപയോഗത്തിനായി പുതിയ വാഹനം വാങ്ങുന്നതിനായി 7,41,084 രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ സാലറി ചലഞ്ച് ഉള്‍പ്പെടെ ജീവനക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതിനിടെയാണ് സര്‍ക്കാരിന്‍റെ ഈ നടപടി.

സാമ്പത്തിക പ്രതിസന്ധിക്കിടെ രാജ്ഭവനില്‍ ഭക്ഷണച്ചെലവുകള്‍ക്കായി 5 ലക്ഷം രൂപ അനുവദിച്ചതും മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടേയും ഉപയോഗത്തിനാവശ്യമായ ടര്‍ക്കി ടവ്വലുകളും ഹാന്‍ഡ് ടൗവ്വലുകളും വാങ്ങുന്നതിനായി 75,000 രൂപ അനുവദിച്ചതും ചീഫ് സെക്രട്ടറി ടോം ജോസിന്‍റെ  ഓഫീസ് മോടിപിടിപ്പിക്കുന്നതിന്‍റെ ഭാഗമായി 2,89000 രൂപ അനുവദിച്ചതും നേരത്തെ വിവാദമായിരുന്നു.

പെരിയ ഇരട്ടകൊലക്കേസില്‍ പ്രതികളെ സംരക്ഷിക്കാന്‍ ഹാജരായ അഭിഭാഷകര്‍ക്ക് തുക അനുവദിച്ചതും ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ മനീന്ദര്‍ സിങ്ങും സഹായിയായ പ്രഭാസ് ബജാജും നവംബര്‍ 12,16 തീയതികളില്‍ ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് ബിസിനസ് ക്ലാസില്‍ നടത്തിയ വിമാനയാത്രയുടേയും ആഢംബര ഹോട്ടലില്‍ താമസിച്ചതിന്റേയും ചെലവാണ് സര്‍ക്കാര്‍ അനുവദിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവില്‍ തുക എത്രയാണെന്ന് വ്യക്തമാക്കിയിരുന്നില്ല.

സെക്രട്ടേറിയേറ്റിലെ  കൊവിഡ് വാര്‍റൂമിലെ വിരലില്‍ എണ്ണാവുന്ന ജീവനക്കാര്‍ക്ക് ഭക്ഷണത്തിനായി ഒരു ലക്ഷം രൂപ അനുവദിച്ചതും ഏറെ ചര്‍ച്ചയായിരുന്നു. ഇങ്ങനെ തുടര്‍ച്ചയായി അനാവശ്യ ധൂര്‍ത്തുകളും ആഡംബരവും കൊവിഡ് കാലത്തും സര്‍ക്കാര്‍ തുടരുകയാണ്.