സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധൂർത്ത് തുടര്‍ന്ന് സര്‍ക്കാര്‍; എ.കെ.ജി സ്മൃതി മ്യൂസിയത്തിനായി ആദ്യ ഗഡു അനുവദിച്ചു; 6,83,99,868 രൂപ അനുവദിച്ചത് മ്യൂസിയം മൃഗശാല വകുപ്പില്‍ നിന്നും

Jaihind News Bureau
Monday, May 4, 2020
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും  ധൂർത്ത് തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍.  കണ്ണൂർ പെരളശ്ശേരിയിൽ എ.കെ.ജി സ്മൃതി മ്യൂസിയം സ്ഥാപിക്കുന്നതിന്  സ്ഥലം ഏറ്റെടുക്കാൻ 6,83,99,868 രൂപ മ്യൂസിയം, മൃഗശാല വകുപ്പിൽ നിന്ന് സർക്കാർ അനുവദിച്ച് നൽകി. ആദ്യ ഗഡു പണം അനുവദിച്ച ഉത്തരവിന്‍റെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.
കണ്ണൂർ ജില്ലയിലെ മക്രേരി വില്ലേജിലെ കോട്ടം ദേശത്താണ് സ്‌മൃതി മ്യൂസിയത്തിനായി സ്വകാര്യ ഭൂമി ഏറ്റെടുക്കാൻ സാംസ്‌കാരിക വകുപ്പ് അനുമതി നൽകിരുന്നത്. 2018-19 സാമ്പത്തിക വർഷത്തിലെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ കണ്ണൂർ ജില്ലയിൽ എ.കെ.ജി. സ്മൃതി മ്യൂസിയം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഇതിനായി ബജറ്റിൽ 10 കോടി രൂപ വകയിരുത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കോട്ടം ദേശത്ത് ഒരു വ്യക്തിയുടെ 3.21 ഏക്കർ സ്ഥലം കണ്ടെത്തി അത് ലഭ്യമാക്കുന്നതിനു സർക്കാർ ഭരണാനുമതി നൽകിയത്.
എന്നാൽ 2020ന്‍റെ തുടക്കം മുതൽ സംസ്ഥാനം നേരിടുന്ന കടുത്ത പ്രതിസന്ധി കണക്കിലെടുത്ത് ഏ.കെ.ജി മ്യൂസിയത്തിന് പണം അനുവദിക്കുന്നത് മാറ്റി വയ്ക്കാൻ സർക്കാർ തയ്യാറായില്ല. 2020 ഫെബ്രുവരിയിൽ 7 കോടി രൂപ ആദ്യ ഗഡുവായി സർക്കാർ തലശ്ശേരി സ്പെഷ്യൽ തഹസിൽദാറിന്റെ അക്കൗണ്ടിലേക്ക് അനുവദിച്ച് നൽകി. സാമ്പത്തിക പിരിമുറുക്കത്തിനിടെ വരും ദിവസങ്ങളിൽ ഏ.കെ.ജി സ്മൃതി മ്യൂസിയത്തിന് സർക്കാർ കൂടുതൽ പണം അനുവദിച്ച് നൽകുകയാണെങ്കിൽ  പ്രതിപക്ഷ പ്രതിഷേധം ഉയരുമെന്ന കാര്യത്തിൽ സംശയമില്ല.