തിരുവനന്തപുരം : കടുത്ത പ്രതിഷേധങ്ങൾക്കിടെ വാർഡ് വിഭജന ബില്ലിന്‍റെ കരടിന് മന്ത്രിസഭ അംഗീകാരം നൽകി. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് നിർണായക തീരുമാനം എടുത്തത്. ഇതുമായി ബന്ധപ്പെട്ട ഓർഡിനന്‍സ് ഒപ്പിടാത്ത ഗവർണറുടെ നടപടി നിയമസഭയില്‍ ബില്‍ പാസാക്കി മറികടക്കാമെന്നാണ് സർക്കാരിന്‍റെ കണക്കു കൂട്ടല്‍. വാർഡ് വിഭജനം സർക്കാരിന്‍റെ അധികാരമാണെന്നും തീരുമാനത്തിന് നിയമപരമായ നിലനില്‍പ്പുണ്ടെന്നും തദ്ദേശവകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.
ഈ മാസം 30 മുതൽ നിയമസഭാ സമ്മേളനം തുടങ്ങാനുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാണ് നിയമസഭാ സമ്മേളനത്തിന് തുടക്കമാകുന്നത്. തദ്ദേശ വാർഡുകൾ വിഭജിക്കുന്നത് സംബന്ധിച്ച ഓർഡിനന്‍സിൽ ഗവർണർ നേരത്തെ എതിർപ്പ് അറിയിച്ചിരുന്നു. ഓർഡിനൻസിൽ ഒപ്പിടാനോ തിരിച്ചയയ്ക്കാനോ ഗവർണർ തയാറായിട്ടില്ല. വ്യക്തത വരാതെ ഓർഡിനന്‍സില്‍ ഒപ്പിടില്ലെന്നതാണ് ഗവർണറുടെ നിലപാട്.
സർക്കാറും ഗവർണറും തമ്മിൽ തർക്കം നില നിൽക്കെ ഓർഡിനൻസിലെ അതേ കാര്യങ്ങൾ തന്നെ ഉൾപ്പെടുത്തിയാണ് ഇന്ന് ചേർന്ന മന്ത്രിസഭ ബില്ല് തയാറാക്കിയിരിക്കുന്നത്. 20 ദിവസമായി തുടരുന്ന പ്രതിസന്ധിക്ക് ബദൽ എന്ന നിലയിലാണ് ബില്ലിന്‍റെ കരട് തയാറാക്കിയിട്ടുള്ളത്. ബില്ല് നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കി എടുക്കാനാണ് സർക്കാർ നീക്കം.