ലഖ്നൗ : പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ ഒരൊറ്റ വെടിയുണ്ട പോലും ഉതിര്‍ത്തില്ലെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ വാദം പൊളിയുന്നു. കാണ്‍പൂരില്‍ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് വെടിയുതിര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശനിയാഴ്ച കാണ്‍പൂരില്‍ നടന്ന പ്രതിഷേധത്തിനെതിരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തില്ലെന്നായിരുന്നു ഉത്തർപ്രദേശ് പൊലീസിന്റെ അവകാശവാദം. പ്രതിഷേധക്കാർ തന്നെയാണ് വെടിയുതിർത്തതെന്നും ഉത്തർപ്രദേശ് ഡി.ജി.പി ഒ.പി സിംഗ് വാദിച്ചിരുന്നു.
പൊലീസ് വെടിവെപ്പില്‍ ആരെങ്കിലും മരിച്ചിട്ടുണ്ടെന്ന് സംശയമുണ്ടെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നും ഡി.ജി.പി പറഞ്ഞിരുന്നു. പൊലീസ് വെടിയുതിര്‍ത്തെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ഇതോടെ ശക്തമാവുകയാണ്.
ഉത്തർപ്രദേശില്‍ പൊലീസിനൊപ്പം ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുവെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. മുസാഫര്‍നഗറിലെ അക്രമങ്ങളില്‍ 2013 ലെ മുസാഫര്‍നഗര്‍ കലാപത്തിലെ പ്രതിയും നിലവില്‍ കേന്ദ്രമന്ത്രിയുമായ സഞ്ജീവ് ബലിയാന്റെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യമുണ്ട്.