പ്രളയകാരണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് അമിക്കസ് ക്യൂറി; ഡാമുകള്‍ തുറന്നതില്‍ പാളിച്ച

Jaihind Webdesk
Wednesday, April 3, 2019

പ്രളയകാരണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് അമിക്കസ് ക്യൂറി.  ഡാമുകള്‍ തുറന്നതില്‍ പാളിച്ചപറ്റിയെന്നും അമിക്കസ് ക്യൂറി ഹൈക്കോടതിയെ അറിയിച്ചു. മാനദണ്ഡങ്ങള്‍ പാലിച്ചല്ല ഡാമുകള്‍ തുറന്നതെന്നും  മഴയുടെ വരവ് കണക്കാക്കിയതില്‍ പാളിച്ച സംഭവിച്ചുവെന്നും കോടതിയെ അറിയിച്ചു.

കേരളത്തിലുണ്ടായ മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന യുഡിഎഫ് നേതാക്കളുടെ ആരോപണത്തിന് ബലമേകുന്നതാണ് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വീഴ്ച്ച പറ്റിയെന്നും ഇതേക്കുറിച്ച് പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് 15ഓളം ഹര്‍ജികളായിരുന്നു ഹൈക്കോടതിയില്‍ എത്തിയത്. ഇതേത്തുടര്‍ന്നാണ് അഡ്വ. അലക്സ് പി ജേക്കബ് അധ്യക്ഷനായ ഒരു അമിക്കസ് ക്യൂറിയെ ഡിവിഷന്‍ ബെഞ്ച് നിയമിച്ചത്.

കേരളത്തില്‍ പെയ്ത മഴയുടെ അളവ് തിരിച്ചറിയാന്‍ കേരളത്തിലെ സംവിധാനങ്ങള്‍ക്കും വിദഗ്ദ്ധര്‍ക്കും സാധിച്ചില്ലെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് പറയുന്നു. കേരളത്തിലെ ഡാമുകളിലെ ജലനിരപ്പ് തുടര്‍ച്ചയായി നിരീക്ഷിച്ച് അത് എപ്പോള്‍ തുറക്കണം എന്ന കാര്യത്തില്‍ മുന്നറിയിപ്പ് പുറപ്പെടുവിക്കണം എന്നാണ് ചട്ടമെങ്കിലും അത് പാലിച്ചില്ല.

2018 ജൂണ്‍ മുതല്‍ ആഗസ്റ്റ് 19 വരെ ദേശീയ കാലാവസ്ഥാ നിരീക്ഷകേന്ദ്രത്തില്‍ നിന്നടക്കം പലതരം മുന്നറിയിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ കേന്ദ്രത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ കൃത്യമായി പരിഗണിക്കുകയോ തുടര്‍നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ല. ഡാമുകള്‍ തുറക്കുന്നതിന് മുന്‍പ് ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പുറപ്പെടുവിക്കുകയും മറ്റു മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും വേണമെന്നാണ് ചട്ടമെങ്കിലും യാതൊരു മുന്നറിയിപ്പും കൂടാതെ ഡാമുകള്‍ കൂട്ടത്തോടെ തുറന്നു വിട്ടത് മഹാപ്രളയത്തിന് കാരണമായെന്ന് അമിക്കസ് ക്യൂറിയുടെ 47 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളത്തിലെ മഹാപ്രളയത്തെക്കുറിച്ച് കേരളത്തിലെ ഒരു ജഡ്ജി അധ്യക്ഷനായ ഒരു സമിതി രൂപീകരിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ. ഈ സമിതിയില്‍ കാലാവസ്ഥാ വിദഗദ്ധരും ഡാം മാനേജ്മെന്‍റ് വിദഗ്ദ്ധരും വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2018ലെ മഹാപ്രളയം ഒരു പാഠമാവണമെന്നും ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള താക്കീതായിരിക്കണം തുടര്‍ നടപടികളെന്നും ഏറേ ഗൗരവത്തോടെ തന്നെ വിഷയത്തില്‍ ഹൈക്കോടതി ഇടപെടണമെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മഹാപ്രളയത്തിന് കാരണം ഡാം മാനേജ്മെന്‍റിലെ പാളിച്ചയാണെന്ന ആരോപണം ആദ്യം മുതല്‍ തന്നെ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയാണ് പ്രളയത്തിന് കാരണം എന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്തായാലും ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത വരുന്ന സമയത്ത് മുന്നറിയിപ്പില്ലാത്ത ഡാമുകള്‍ തുറന്നവിട്ടതാണ് പ്രളയത്തിന് കാരണമെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിനും ഇടതുപക്ഷത്തിനും സൃഷ്ടിക്കുന്ന വെല്ലുവിളി ചെറുതല്ല.

teevandi enkile ennodu para