തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ഏഴുപേരെക്കൂടി നിയമിച്ച് ഉത്തരവിറങ്ങി. പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശന്‍, പ്രസ് അഡ്വൈസര്‍ പ്രഭാവര്‍മ, പ്രസ് സെക്രട്ടറി പി.എം മനോജ് മറ്റ് നാല് ജീവനക്കാര്‍ എന്നിവരെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയാണ് ഉത്തരവിറക്കിയിരിക്കുന്നത്.
നേരത്തെ പേഴ്‌സണൽ സ്റ്റാഫ് ചട്ടത്തിൽ സർക്കാർ ഭേദഗതി വരുത്തി, സ്റ്റാഫുകളുടെ എണ്ണം 37 ആക്കി ഉയർത്താന്‍ സർക്കാർ ഉത്തരവ് ഇറക്കിയിരുന്നത് ഇതിനുവേണ്ടിയാണെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. സ്റ്റാഫുകളുടെ എണ്ണം വർധിപ്പിക്കുന്നതിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.
സർക്കാർ ഉത്തരവിന്‍റെ മാത്രം പിൻബലത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമിതരായ 7 പേർക്ക് പെൻഷൻ ഉറപ്പാക്കാൻ ചട്ടങ്ങൾ കാറ്റിൽ പറത്തിയാണ് സർക്കാർ നിയമം മാറ്റിയെഴുതിയത്. മുഖ്യമന്ത്രിയുടെ പ്രസ് അഡ്വൈസർ, പ്രസ് സെക്രട്ടറി, പൊളിറ്റിക്കൽ സെക്രട്ടറി, അദ്ദേഹത്തിന്‍റെ സ്റ്റാഫിൽപ്പെട്ട ക്ലാർക്ക്, ഓഫീസ് അറ്റൻഡന്‍റ്, പേഴ്സണല്‍ അസിസ്റ്റന്‍റ്, ഡ്രൈവർ എന്നിവരുടെ നിയമനം ക്രമപ്പെടുത്താൻ പേഴ്‌സണൽ സ്റ്റാഫ് സ്‌പെഷ്യൽ റൂൾസിൽ ഭേദഗതി തീരുമാനിച്ചത്.
നിയമവകുപ്പുമായി ആലോചിക്കാതെ ധനവകുപ്പിൽനിന്ന് മാത്രം അഭിപ്രായം തേടിയായിരുന്നു തീരുമാനം. ഈ സർക്കാർ അധികാരമേറ്റതിന്‍റെ അടുത്ത മാസം മുതൽ പ്രാബല്യം നൽകിയാകും പൊതുഭരണ വകുപ്പ് ചട്ടം ഭേദഗതി ചെയ്യുക.
പൊതുഭരണ വകുപ്പിന്‍റെ 2011 സെപ്റ്റംബർ 16 ലെ ഉത്തരവനുസരിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ചീഫ് വിപ്പിനും പ്രതിപക്ഷ നേതാവിനും പ്രൈവറ്റ് സെക്രട്ടറി, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി തുടങ്ങി 30 പേരെയാണ് പേഴ്‌സണൽ സ്റ്റാഫിൽ നിയമിക്കാനാകുക. മുഖ്യമന്ത്രിക്ക് മാത്രം സെക്രട്ടറി റാങ്കിൽ ഒരാളെക്കൂടി വേണമെങ്കിൽ വെക്കാം. ഇവർ 2 വർഷം ജോലി ചെയ്താൽ സർക്കാർ പെൻഷൻ ലഭിക്കും.