സുല്‍ത്താന്‍ബത്തേരിയില്‍ ആംബുലന്‍സിന്‍റെ നിയന്ത്രണം നഷ്ടമായി കൂട്ടയിടി; നാലു പേർക്ക് പരുക്ക്

 

കല്‍പ്പറ്റ: വയനാട് സുല്‍ത്താന്‍ബത്തേരി ദൊട്ടപ്പന്‍ കുളത്ത് വാഹനാപകടത്തിൽ നാലുപേർക്ക് പരിക്ക്. നിയന്ത്രണം വിട്ട ആംബുലന്‍സ് എതിരെ വന്ന ഓട്ടോറിക്ഷ, രണ്ടു ബൈക്കുകൾ, രണ്ടു കാറുകൾ എന്നിവയില്‍ ഇടിച്ച ശേഷം വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിക്കുകയായിരുന്നു. നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഗര്‍ഭിണിയേയും കൊണ്ടു പോകുകയായിരുന്ന 108 ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. അതിവേഗതയിൽ വന്ന ബൈക്കിനെ വെട്ടിക്കുന്നതിനിടയിലാണ് ആംബുലന്‍സ് അപകടത്തില്‍പ്പെട്ടതെന്നാണ് ദൃക്സാക്ഷിമൊഴികൾ. ആംബുലന്‍സ് ഡ്രൈവര്‍, നഴ്‌സ്, ഗര്‍ഭിണിയായ യുവതി, കൂട്ടിരിപ്പുകാര്‍ എന്നിവരാണ് ആംബുലന്‍സിലുണ്ടായിരുന്നത്. ആരുടെയും പരുക്കുകൾ ഗുരുതരമല്ല. ഇവരെയും മറ്റ് വാഹനങ്ങളിലുള്ള പരുക്കേറ്റവരെയും സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.

Comments (0)
Add Comment