തടവുകാർക്ക് പേടിസ്വപ്നമായി അമ്പിളിക്കല ; കൂടുതല്‍ പ്രതികള്‍ക്ക് മർദ്ദനമേറ്റതായി പരാതി

 

തൃശൂർ : ജയിൽ വകുപ്പിന്‍റെ നിരീക്ഷണ കേന്ദ്രത്തിൽ കൂടുതൽ പ്രതികൾക്ക് മർദ്ദനമേറ്റതായി പരാതി. സംഭവത്തിൽ രണ്ട് ജയിൽ ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുത്തു. തൃശൂർ മിഷൻ ക്വാർട്ടേഴ്സിലുള്ള അമ്പിളിക്കല ഹോസ്റ്റലിൽ നിന്നാണ് മർദ്ദന വാർത്തകൾ പുറത്ത് വരുന്നത്. സ്വകാര്യ ഹോസ്റ്റലായിരുന്ന അമ്പിളിക്കല ജയിൽ വകുപ്പ് ഏറ്റെടുത്ത് കൊവിഡ് നിരീക്ഷണ കേന്ദ്രമാക്കിയതാണ്. റിമാൻഡിലാകുന്ന പ്രതികളെ ഇവിടെ കൊവിഡ് നിരീക്ഷണത്തിനായി പാർപ്പിക്കും. മുമ്പ് സ്വപ്നാ സുരേഷിനെ ഇവിടെ റിമാൻഡിൽ പാർപ്പിച്ചതോടെയാണ് അമ്പിളിക്കല ശ്രദ്ധ നേടിയത്.

കഞ്ചാവ് കേസിൽ പ്രതിയായ ഷെമീർ മർദ്ദനമേറ്റ് മരിച്ചതോടെയാണ് ഇവിടെ നിന്നും കൂടുതൽ പരാതികൾ പുറത്തുവരുന്നത്. ഷെമീറിനൊപ്പം പിടിയിലായ മറ്റ് രണ്ട് പ്രതികളെയും ജയിൽ ഉദ്യോഗസ്ഥർ മർദ്ദിച്ചതായി ആരോപണം ഉയർന്നു. ആളൂർ, കൊടുങ്ങല്ലൂർ സ്റ്റേഷനുകളിൽ മോഷണ കുറ്റത്തിന് പിടിക്കപ്പെട്ട പ്രതികളും മർദ്ദനമേറ്റതായി പരാതി നൽകിയിട്ടുണ്ട്. ജയിലിലെ നടയടിയും മർദ്ദന മുറകളും കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലും ചില ജയിൽ ഉദ്യോഗസ്ഥർ പിന്തുടരുന്നു എന്നാണ് ആരോപണം.

Comments (0)
Add Comment