കേന്ദ്രം പ്രഖ്യാപിച്ച ആയുഷ്മാൻ പദ്ധതിക്ക് പകരം സംസ്ഥാനം തയാറാക്കുന്ന സമഗ്ര ഇൻഷുറൻസ് പദ്ധതിയിലും അവ്യക്തത. ആയുഷ്മാൻ പദ്ധതി നടപ്പായാൽ അധികഭാരമുണ്ടാകുമെന്ന് സംസ്ഥാന സർക്കാർ ആശങ്ക പ്രകടിപ്പിക്കുമ്പോൾ സ്വന്തം നിലയിൽ തയാറാക്കുന്ന പദ്ധതിയുടെ മാനദണ്ഡങ്ങളിലും അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്.
മുന്നൊരുക്കങ്ങളില്ലാത്ത ആയുഷ്മാൻ പദ്ധതിയിൽ ആശങ്ക പ്രകടിപ്പിക്കുന്ന സംസ്ഥാന സർക്കാർ സ്വന്തം നിലയിൽ തയാറാക്കുന്ന ആർദ്രം ഇൻഷുറൻസ് പദ്ധതിയുടെ മാനദണ്ഡങ്ങളിലും അവ്യക്തതയാണ് നിലനിൽക്കുന്നത്. യു.ഡി.എഫ് കാലത്ത് തുടങ്ങിവെച്ച ജനപ്രിയ പദ്ധതികളായ കാരുണ്യ, സുകൃതം എന്നീ പദ്ധതികളടക്കം ലയിപ്പിച്ചു കൊണ്ടാവും പുതിയ പദ്ധതി നിലവിൽ വരിക. പുതിയതായി നടപ്പാക്കുന്ന പദ്ധതിക്ക് അഞ്ച് ലക്ഷം രൂപയുടെ കവറേജ് ലഭിക്കുമെന്ന് ആരോഗ്യ വകുപ്പും വ്യക്തമാക്കുന്നു. എന്നാൽ ആയുഷ്മാൻ പദ്ധതിയുടെ കവറേജ് അഞ്ചു ലക്ഷമായി നിജപ്പെടുത്തുമ്പോൾ അധികഭാരം വരുമെന്ന് ആശങ്കപ്പെടുന്ന സംസ്ഥാനം സ്വന്തം നിലയിൽ നടപ്പാക്കുന്ന പദ്ധതിക്ക് എങ്ങനെ പണം കണ്ടെത്തുമെന്നും വ്യക്തമാക്കിയിട്ടില്ല.
ആർ.എസ്.ബി.വൈ പദ്ധതിക്ക് പുറമേ നിലവിൽ സംസ്ഥാനം 100 ശതമാനം പ്രീമിയം അടയ്ക്കുന്ന ചിസ് പദ്ധതിയിൽ ഉൾപ്പെടെസംസ്ഥാനത്തെ 41 ലക്ഷം കുടുംബങ്ങൾക്കാണ് ഇൻഷുറൻസ് സംരക്ഷണം ലഭിക്കുന്നത്. നിലവിലെ ആരോഗ്യ സുരക്ഷാ പദ്ധതിയായ ആർ.എസ്.ബി.വൈയുടെ കാലാവധി അവസാനിക്കുന്നതോടെ കേന്ദ്ര പദ്ധതിയിൽ സംസ്ഥാനം പങ്കാളിയാകാതിരുന്നാൽ 41 ലക്ഷം കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപയുടെ പ്രീമിയവും സംസ്ഥാനത്തിന്റെ സ്വന്തം പദ്ധതിയായ പ്ലസ് പദ്ധതിയുടെ പ്രീമിയവും 100 ശതമാനം സംസ്ഥാന സർക്കാർ തന്നെ അടക്കേണ്ടി വരും. ഇതിനുള്ള അധിക വിഭവസമാഹരണവും സംസ്ഥാനം കണ്ടെത്തേണ്ടി വരുന്നതോടെ കടുത്ത സാമ്പത്തിക ഭാരമാവും സംസ്ഥാനത്തിന് ഉണ്ടാവുക.
ജനക്ഷേമകരമായ മുൻ പദ്ധതികൾ ലയിപ്പിക്കുന്നതോടെ അവയുടെ മാനദണ്ഡങ്ങളിൽ ഉണ്ടാവുന്ന മാറ്റങ്ങളും സാധാരണക്കാർക്ക് തിരിച്ചടിയാവുമെന്നും കരുതപ്പെടുന്നു.