പ്രശ്‌നം പരിഹരിക്കുന്നതിനു പകരം കര്‍ഷകരെ ഉപദ്രവിക്കുന്നു ; എന്‍ഐഎ നോട്ടീസില്‍ കേന്ദ്രത്തിനെതിരെ അമരീന്ദര്‍ സിംഗ്

Jaihind News Bureau
Tuesday, January 19, 2021

 

ന്യൂഡല്‍ഹി : വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷക നേതാക്കള്‍ക്കെതിരെ എന്‍ഐഎ നോട്ടീസ് അയച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിന് പകരം കര്‍ഷകരെ ഉപദ്രവിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു. കര്‍ഷക സമരം അട്ടിമറിക്കുന്നതിന്‍റെ ഭാഗമാണ് എ.എന്‍.ഐ  നടപടിയെന്നും അദ്ദേഹം പറഞ്ഞു.

സംയുക്ത കര്‍ഷക മോര്‍ച്ച നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ ഉള്‍പ്പെടെ 12 ലധികം ആളുകള്‍ക്കാണ് എന്‍.ഐ.എ നോട്ടീസ് അയച്ചത്. യു.എ.പി.എ, രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് 2020 ഡിസംബര്‍ 15 ന് സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയ്‌ക്കെതിരെ ഡല്‍ഹിയില്‍ എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. കര്‍ഷക പ്രതിഷേധം തകര്‍ക്കാനുള്ള കേന്ദ്ര നീക്കത്തിന്‍റെ ഭാഗമാണ് എന്‍.ഐ.എയുടെ ഇടപെടലെന്ന് കര്‍ഷകര്‍ പറഞ്ഞിരുന്നു.