ആലുവ കൂട്ടക്കൊലക്കേസ് : പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി

Jaihind News Bureau
Wednesday, December 12, 2018

കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ആലുവ കൂട്ടക്കൊലക്കേസിലെ പ്രതി ആന്റണിയുടെ വധശിക്ഷ ജീവപര്യന്തമാക്കി സുപ്രീം കോടതി ഇളവ് ചെയ്തു. നേരത്തെ ആന്റണി നൽകിയ റിവ്യൂ ഹർജിയെ തുടർന്ന് കോടതി വധശിക്ഷ സ്‌റ്റേ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ജസ്റ്റിസ് മദൻ ബി. ലോകൂർ അധ്യക്ഷനായ ബെഞ്ച് പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചത്.

2009 ൽ സുപ്രീം കോടതി ആന്റണി വധശിക്ഷ ശരിവെയ്ക്കുകയും പ്രതി സമർപ്പിച്ച റിവ്യൂ ഹർജി തള്ളുകയും ചെയ്തിരുന്നു. ഇതേതുടർന്ന് ആന്റണി 2010ൽ ദയാഹർജിക്ക് അപേക്ഷ നൽകി. അഞ്ചു വർഷത്തിന് ശേഷം 2015 ഏപ്രിൽ 27ന് ദയാഹർജി രാഷ്ട്രപതി തള്ളി.  തുടർന്ന് ആന്റണി വധശിക്ഷ കാത്ത് കഴിയുകയായിരുന്നു. രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട് 2014 ൽ സുപ്രീം കോടതിയുടെ സുപ്രധാന വിധി വന്നതാണ് ആന്റണിയുടെ വധശിക്ഷ ഇളവ് ചെയാൻ കാരണമായത്.

പുന:പരിശോധന ഹർജികൾ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നാണ് അന്ന് കോടതി വിധിച്ചത്. ഈ വിധിയുടെ ആനുകൂല്യം തേടിയാണ് ആന്റണി വീണ്ടും സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകിയതും. ഇതേതുടർന്നാണ് ഇപ്പോൾ പ്രതിയുടെ ശിക്ഷ ഇളവ് ഉത്തരവിട്ടിരിക്കുന്നത്.

കേസിന് ആസ്പദമായ സംഭവം നടന്നത് 2001 ജനുവരി ആറിനാണ്. ആലുവ സെന്റ് മേരീസ് സ്‌കൂളിന് സമീപം പൈപ്പ് ലൈൻ റോഡിൽ മാഞ്ഞൂരാൻ വീട്ടിൽ അഗസ്റ്റിൻ (47), ഭാര്യ ബേബി (42), മക്കളായ ജെയ്‌മോൻ (14), ദിവ്യ (12), അഗസ്റ്റിന്റെ മാതാവ് ക്ലാര തൊമ്മി (74), സഹോദരി കൊച്ചുറാണി (42) എന്നിവരെ ആലുവ മുനിസിപ്പൽ ഓഫീസിലെ താത്കാലിക െ്രെഡവറായിരുന്ന ആന്റണി (48) വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.