അലോക് വർമ പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച്ച നടത്തി : ‘കെ റെയില്‍ പറയുന്നത് പച്ചക്കള്ളം’

Jaihind Webdesk
Wednesday, April 20, 2022

സിൽവർ ലൈൻ പദ്ധതിയുടെ പ്രാഥമിക സാധ്യതാ പഠനം നടത്തിയ സംഘത്തലവൻ അലോക് കുമാർ വർമ്മ പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തി. കെ റയിലിന്‍റെ  ഡിപിആർ തട്ടിക്കൂട്ട് ആണെന്നും ഡിപിആറിൽ ഒരുപാട് തിരിമറികൾ നടന്നിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം വ്യക്തമാക്കി.

സിൽവർ ലൈൻ ആദ്യം ബ്രോഡ് ഗേജിൽ ചെയ്യാനായിരുന്നു തീരുമാനം. സ്റ്റാൻഡേർഡ് ഗേജ് ആയിരുന്നില്ല. സ്റ്റാൻഡേർഡ് ഗേജ് ഇന്ത്യയിൽ സാധ്യവുമല്ല. കോട്ടയം , ചെങ്ങന്നുർ ഭാഗത്ത് ഉൾപ്പെടെ പദ്ധതി നടപടിപ്പിലാക്കാൻ ഒരുപാട് വെല്ലുവിളികൾ ഉണ്ട്. ജിയോളജിക്കൽ സർവ്വേ ഉൾപ്പടെ ഉള്ള ഒരു സർവ്വേ നടപടികളും പൂർത്തീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിൽവർ ലൈൻ കേരള സർക്കാരിന്‍റെ  പദ്ധതിയാണ്. റിപ്പോർട്ട് സമർപ്പിക്കുമ്പോൾ കൂടെ ഒരു കത്ത് ഉണ്ടായിരുന്നു. ശരിയായ സർവേകൾ നടത്താതെയുള്ള പഠന റിപ്പോർട്ടിൽ എങ്ങനെ അനുമതി നൽകി ?  സിസ്ട്രാ എന്ന കമ്പനിയുടെ ലെറ്റർ ഹെഡ് വച്ചാണ് കേന്ദ്രത്തിന് അപേക്ഷ നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് ഹൈ സ്പീഡ് റെയിൽ വേണം. പക്ഷേ ഇത്ര വലിയ തുകയ്ക്ക് ഈ പദ്ധതി വേണോ?  സമാന്തരമായ മറ്റ് പദ്ധതികൾ നടപ്പിലാക്കാൻ കഴിയും. നിലവിലുള്ള റെയിൽവേ ലൈനുകൾ അപ്ഗ്രേഡ് ചെയ്യാം എന്നത് സാധ്യമല്ല എന്നാണ് പറയുന്നത്,എന്നാൽ അത് സാധ്യമാണ്. കേരളത്തിൽ ടിൽ ടിംഗ് ട്രെയിൻ സാധ്യമാണ്.  എങ്ങനെ കള്ളം പറയണം എന്ന് കെ- റെയിലിനറിയാം,  തനിക്ക് അത് ബോധ്യമുണ്ട്. സിൽവർ ലൈൻ പദ്ധതി മുഴുവൻ നശിപ്പിക്കുന്നത് കെ- റെയിലാണെന്നും അലോക് വര്‍മ ആരോപിച്ചു.

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് പോകുന്നതിന്‍റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. വി.ഡി സതീശനുമായി മികച്ച ചര്‍ച്ചയാണ് നടന്നതെന്നും അലോക് വര്‍മ പ്രതികരിച്ചു.  മുഖ്യമന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും കൂടിക്കാഴ്ച നടത്താന്‍ അലോക് വര്‍മ അനുമതി തേടിയെങ്കിലും നിഷേധിക്കപ്പെട്ടിരുന്നു.