സില്‍വർ ലൈന്‍ സംവാദം : അലോക് വർമയും ആർ ശ്രീധറും പങ്കെടുക്കില്ല

Jaihind Webdesk
Tuesday, April 26, 2022

സില്‍വർ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സംവാദത്തില്‍ നിന്ന്  അലേക് കുമാർ വർമയും ആർ ശ്രീധറും പിന്മാറി. അലോക് കുമാർ ചീഫ് സെക്രട്ടറിയേയും ആർ ശ്രീധർ കെ റെയില്‍ കോർപറേഷനെയും വിവരമറിയിച്ചു.  സംവാദം നടത്തേണ്ടതും അതിഥികളെ ക്ഷണിക്കേണ്ടതും കെ റെയിലല്ല, സംസ്ഥാന സർക്കാരാണെന്നും ക്ഷണക്കത്തിലെ ഭാഷ തൃപ്തികരമല്ലെന്നും അലോക് കുമാർ നേരത്തെ വിമർശനമുന്നയിച്ചിരുന്നു.

പരിപാടിയില്‍ പങ്കെടുക്കണമെങ്കില്‍ താന്‍ മുന്നോട്ട് വയക്കുന്ന ഉപാധികള്‍ പരിഗണിക്കണമെന്ന് അറിയിച്ചുകൊണ്ട് ചീഫ് സെക്രട്ടറിക്ക് അദ്ദേഹം കത്തയച്ചിരുന്നു. ഇന്ന് വൈകുന്നേരത്തിനകം കത്തിന് മറുപടി നല്‍കിയല്ലെങ്കില്‍ സംവാദത്തില്‍ നിന്ന്  പിന്മാറുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ജോസഫ് സി മാത്യുവിനെ ആദ്യം ക്ഷണിക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്ത നടപടി അനുചിതമാണെന്നും ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ അലോക് വര്‍മ ചൂണ്ടിക്കാട്ടി. അലോക് വർമയ്ക്ക് പിന്തുണ പ്രഖ്യാപിച്ചാണ്  പരിസ്ഥിതി പ്രവർത്തകന്‍ ആർ ശ്രീധർ സംവാദത്തില്‍ നിന്ന് പിന്മാറുന്നത്.

സില്‍വർ ലൈന്‍ പദ്ധതിയെ എതിർത്ത് സംസാരിക്കാനുള്ള മൂന്ന് പേരില്‍ രണ്ട് പേർ പിന്മാറിയതോടെ വ്യാഴാഴ്ച്ച നടക്കാനിരിക്കുന്ന കെ റെയില്‍ സംവാദം അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്. ഇവർക്ക് പുറമേ കണ്ണൂര്‍ ഗവ. കോളേജ് ഓഫ് എന്‍ജിനിയറിങ് റിട്ട. പ്രിന്‍സിപ്പലും ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍പ്രസിഡന്‍റുമായ ഡോ. ആര്‍.വി.ജി. മേനോനും കെ റെയില്‍ നടപടികളില്‍ പ്രതിഷേധവുമായി രംഗത്ത് വന്നെങ്കിലും  പരിപാടിയില്‍ നിന്ന് പിന്മാറുമെന്ന് അറിയിച്ചിട്ടില്ല.