സ്വപ്ന സുരേഷിൻ്റെ ആരോപണങ്ങൾ ഗൗരവമുള്ളത്; സുരക്ഷ ഉറപ്പാക്കണം : ജയിൽ ഡിജിപിക്ക് കോടതി നിർദ്ദേശം

Jaihind News Bureau
Wednesday, December 9, 2020

സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും, സുരക്ഷ ഉറപ്പാക്കണമെന്നും ജയിൽ ഡിജിപിക്ക് കോടതിയുടെ നിർദ്ദേശം.
സ്വപ്നയ്ക്ക് ജയിലിനകത്തുനിന്നും പുറത്തുനിന്നും യാതൊരുവിധ ഭീഷണിയും അനുവദിക്കരുതെന്നും എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയുടെ നിർദ്ദേശം. അതിനിടെ, സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ കേസിലെ പ്രതി റബിൻസിനെ ചോദ്യം ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി നൽകി

ഉന്നതർക്കെതിരെ രഹസ്യമൊഴി നൽകിയതിനാൽ തനിക്ക് ജയിനുള്ളിൽ ജീവന് ഭീഷണിയുണ്ടെന്നും, നേരത്തെയും തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് കോടതിയെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ അന്വേഷണ ഏജൻസികള്‍ നിർ‍ബന്ധിക്കുന്നുവെന്ന സ്വപനയുടെ ശബ്ദരേഖ ചോർന്നതിൽ ജയിൽ വകുപ്പിനെതിരെ ആരോപണങ്ങള്‍ നില നിൽക്കുന്നതിനിടേയാണ് കൂടുതൽ വെളിപ്പെടുത്തലുകൾ വന്നത്. ശബ്ദരേഖ ചോർന്നത് ജയിലിൽ നിന്നല്ലെന്നാണ് ജയിൽ ഡിഐജി അജയകുമാറിന്‍റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. വിശദമായ അന്വേഷണം വേണമെന്ന ജയിൽ മേധാവിയുടെയും ഇഡിയുടേയും പരാതിയിൽ പൊലീസ് തുടർ നടപടികളെടുത്തിട്ടില്ല. ഇതിനിടെയാണ് ഭീഷണി ആരോപണം വരുന്നതും ജയിൽ വകുപ്പ് വീണ്ടും അന്വേഷണം നടത്തുന്നതും. സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾ ഗൗരവുള്ളതാണെന്നും, സുരക്ഷ ഉറപ്പാക്കണമെന്നും ജയിൽ ഡിജിപിക്ക് കോടതി നിർദ്ദേശം നൽകി. സ്വപ്നയക്ക് ജയിലിനകത്തുനിന്നും പുറത്തുനിന്നും യാതൊരുവിധ ഭീഷണിയും അനുവദിക്കരുതെന്നും സാമ്പത്തിക കുറ്റാന്വേഷണ കോടതി നിർദ്ദേശം നൽകി.

എന്നാൽ സ്വപ്നയുടെ ആരോപണങ്ങള്‍ ജയിൽ ഉദ്യോഗസ്ഥർ തള്ളുകയാണ്. എറണാകുളം, വിയ്യൂർ, അട്ടക്കുളങ്ങര ജയിലുകളിലാണ് സ്വപ്ന സുരേഷിനെ പാർപ്പിച്ചിട്ടുള്ളത്. ഇവിടെയെത്തിയ അന്വഷണ ഉദ്യോഗസ്ഥരെക്കുറിച്ചും, സന്ദർശകരെ കുറിച്ചും, ഫോണ്‍ വിളിയെകുറിച്ചും വ്യക്തമായ രേഖകള്‍ കൈവശമുണ്ടെന്നാണ് ജയിൽവകുപ്പ് പറയുന്നത്. സ്വപ്നയുടെ മൊഴിയിൽ അന്വേഷണം പ്രഖ്യാപിച്ച ജയിൽ മേധാവി ഋഷിരാജ് സിംഗ് അന്വേഷണ റിപ്പോർട്ടിലെ കണ്ടത്തലുകൾ സർക്കാരിന് കൈമാറുമെന്നും അറിയിച്ചിട്ടുണ്ട്. അതിനിടെ, സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ കേസിലെ പ്രതി മൂവാറ്റുപുഴ സ്വദേശി റബിൻസ് കെ.ഹമീദിനെ ചോദ്യം ചെയ്യാൻ കസ്റ്റംസിന് കോടതിയുടെ അനുമതി. സ്വർണക്കടത്ത് കേസിന്‍റെ അന്വേഷണത്തുടർച്ച എന്ന നിലയിൽ ഇയാളെ അടിയന്തരമായി ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് എൻഐഎ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. തുടർന്നാണു കോടതിയുടെ തീരുമാനം. സ്വർണക്കടത്തിൽ യുഎപിഎ ചുമത്തിയ കേസിലെ 10–ആം പ്രതിയാണു റബിൻസ്.