സി-ഡിറ്റ് ഡയറക്ടറായി ജയരാജിന് പുനർനിയമനം നല്‍കിയതിനു പിന്നിലും എം. ശിവശങ്കറിന്‍റെ ഇടപെടല്‍; ക്രമക്കേടുകളുടെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

Jaihind News Bureau
Saturday, July 11, 2020

 

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നടത്തിയ കൂടുതല്‍ ക്രമക്കേടുകളുടെ തെളിവുകള്‍ പുറത്ത്. സി.പി.എം സംസ്ഥാന സമിതി അംഗവും മുന്‍ എം.പിയുമായ  ടിഎന്‍ സീമയുടെ ഭര്‍ത്താവ് ജയരാജിനെ വിരമിച്ച ശേഷം സി-ഡിറ്റ് ഡയറക്ടറായി നിയമിച്ചതിന് പിന്നില്‍ എം ശിവശങ്കറിന്‍റെ ഇടപെടലായിരുന്നു.

മതിയായ യോഗ്യതയില്ലെന്ന ആക്ഷേപം നിലനില്‍ക്കെ സി-ഡിറ്റ് ഡയറക്ടറായി ജയരാജിന്‌ പുനർനിയമനം നല്‍കി ഐ.ടി സെക്രട്ടറി കൂടിയായ എം.ശിവശങ്കർ ഉത്തരവിറക്കി. മാസം ഒന്നര ലക്ഷം രൂപ ശമ്പളത്തില്‍ ഒരു വര്‍ഷത്തേക്കായിരുന്നു നിയമനം. നിയമനത്തിനായി   ജയരാജിന് ചേരുന്ന വിധത്തില്‍ യോഗ്യതകളില്‍ മാറ്റം വരുത്തുകയും ചെയ്തു.

എന്നാല്‍ നിയമനത്തിനെതിരെ സി-ഡിറ്റിലെ ഇടതു സംഘടനാ നേതാവ് തന്നെ ഹൈക്കോടതിയെ സമീപിക്കുകയും പ്രതിരോധത്തിലായ സർക്കാര്‍ ജയരാജിന്‍റെ നിയമനം റദ്ദാക്കുകയും ചെയ്തു. നേരത്തെ ജയരാജിനെ വിരമിച്ചതിന് ശേഷം കരാര്‍ അടിസ്ഥാനത്തില്‍ മൂന്ന് മാസത്തേക്ക് രജിസ്ട്രാറായി പുനര്‍നിയമനം നല്‍കിയ നടപടിയിലും  ശിവശങ്കര്‍ ഇടപെട്ടു.  ജയരാജിന്‍റെ അപേക്ഷയില്‍ തന്നെയായിരുന്നു ഈ വിചിത്ര നടപടി.

അതേസമയം സര്‍ക്കാരിന്‍റെ  കരാര്‍ നിയമനങ്ങളിലും എം ശിവശങ്കര്‍ വഴിവിട്ട് ഇടപെട്ടു എന്നതിന്‍റെ തെളിവുകളും പുറത്തുവന്നു. ചീഫ് സെക്രട്ടറിയുടെയും സെക്രട്ടറിമാരുടെയും ഓഫിസുകളിൽ ഐ.ടി പ്രോജക്റ്റ് അസിസ്റ്റന്‍റ് തസ്തികകളില്‍ ശിവശങ്കറിന്‍റെ താല്‍പര്യപ്രകാരം കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിച്ചതിന്‍റെ വിവരങ്ങളാണ് പുറത്തുവന്നത്. സർക്കാർ സർവീസിൽ പിഎസ്‌സി വഴിയാണു നിയമനം നടത്തേണ്ടതെന്നിരിക്കെയാണ് കരാർ അടിസ്ഥാനത്തില്‍ ഇത്തരം വഴിവിട്ട നടപടികളുണ്ടായത്.