എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ ; കരാറിന് പിന്നില്‍ പിണറായി-അദാനി കൂട്ടുകെട്ട് : രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, April 3, 2021

ആലപ്പുഴ : അദാനിയുമായുള്ള വൈദ്യുതി കരാറിലെ അഴിമതി ആരോപണത്തില്‍ ഉറച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ട് ആണ് അദാനിയുമായി കരാർ ഉണ്ടാക്കിയതെന്നും രമേശ് ചെന്നിത്തല ഹരിപ്പാട് പറഞ്ഞു. പിണറായി-അദാനി കൂട്ടുകെട്ടാണ് വൈദ്യുതി കരാറിന് പിന്നിലുള്ളത്. ഗ്യാരന്‍റി ഉറപ്പ് വരുത്തണം എന്ന് കരാറിൽ ഉണ്ട്. ഇടത് കൈ കൊണ്ടും വലത് കൈ കൊണ്ടും അദാനിയെ പിണറായി സഹായിക്കുന്നു. ഇതു കൊണ്ട് ദോഷമുണ്ടാകുന്നത് ഉപഭോക്താക്കൾക്കാണ്.അദാനിയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നിയമവിരുദ്ധം തന്നെയാണ്.  25 വർഷം അദാനിക്ക് കൊള്ളയടിക്കാൻ അവസരം നൽകിയിട്ട് സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ട് ആണ് അദാനിയുമായി കരാർ ഉണ്ടാക്കിയത്.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മറുപടി പ്രതീക്ഷിച്ചത് തന്നെയാണ്. തെളിവുകള്‍ സഹിതമാണ് ഓരോ അഴിമതിയും പുറത്തുകൊണ്ടുവന്നത്. ഉന്നയിച്ച ഓരോ ആരോപണങ്ങളിൽ സർക്കാരിന് പുറകോട്ട് പോകേണ്ടി വന്നു. സ്പ്രിംഗ്ളറടക്കം അഴിമതി ആരോപണങ്ങൾ ഉന്നയിച്ചപ്പോഴും തന്‍റെ സമനില തെറ്റിയെന്ന് തന്നെയാണ് മന്ത്രിമാരും മുഖ്യമന്ത്രിയും പറഞ്ഞത് പിന്നീടെന്തായി? ആയിരം കോടി അദാനിക്ക് കിട്ടുമ്പോൾ എത്ര കമ്മീഷൻ കിട്ടി എന്ന് മാത്രം മുഖ്യമന്ത്രി പറഞ്ഞാൽ മതി. കുറഞ്ഞ വിലയ്ക്ക് സോളാർ, ജലവൈദ്യുതി കിട്ടുമ്പോൾ എന്തിനാണ് അദാനിയിൽ നിന്ന് കൂടിയ വിലയ്ക്ക് വാങ്ങുന്നത്? അദാനിയുമായി മറ്റൊരു കരാർ കഴിഞ്ഞ മാസം കെഎസ്ഇബി ഉണ്ടാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

പിണറായി സർക്കാർ കോർപ്പറേറ്റുകൾക്ക് കീഴടങ്ങി. രാഷ്ട്രീയവും സാമ്പത്തികവുമായ നേട്ടം ഈ കരാറിൽ ഉണ്ട്. പിണറായിക്കും മോദിക്കും ഇടയിലെ പാലമാണ് അദാനി. പിണറായിക്ക് എതിരായ കേസുകൾ എങ്ങും എത്താത്തതിന് കാരണം ഈ കൂട്ടുകെട്ടാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഇത്ര പിടിപ്പുകേട്ട മുഖ്യമന്ത്രി കേരള ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. തന്‍റെ ഓഫീസ് പോലും ഭരിക്കാൻ കഴിയാത്ത മുഖ്യമന്ത്രി എങ്ങനെ കേരളം ഭരിക്കും. ധാർഷ്ട്യവും ധിക്കാരവും അഹങ്കാരവുമാണ് അദ്ദേഹത്തിന്‍റെ മുഖമുദ്ര. കള്ളത്തരങ്ങൾ പുറത്തു വരുമെന്ന പേടിയാണ് മുഖ്യമന്ത്രിക്കെന്നും ശതകോടീശ്വരന്മാർക്ക് വേണ്ടിയുള്ള ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.