തിരുവനന്തപുരം: ഭരണഘടനയുടെ മൂല്യങ്ങൾ തകർത്ത് മോദി സർക്കാർ നടപ്പിലാക്കിയ എല്ലാ നിയമങ്ങളും ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ പിൻവലിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പ്രകടനപത്രിക സംബന്ധിച്ച ജനകീയ ചർച്ചാ പരിപാടി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാവർക്കും നീതി നല്‍കുന്ന മാഗ്ന കാർട്ടയാണ് കോൺഗ്രസ് പ്രകടനപത്രികയെന്ന്ചടങ്ങിൽ അധ്യക്ഷത വഹിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.
ജനകീയമായി മാറിക്കഴിഞ്ഞ കോൺഗ്രസിന്‍റെ പ്രകടനപത്രികയുടെ കാതലായ ഭാഗങ്ങൾ ഒന്നൊന്നായി വിശദീകരിച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കോൺഗ്രസ് പ്രകടനപത്രികയെക്കുറിച്ച് ജനകീയ ചർച്ചാവേദിയിൽ വിശദീകരിച്ചത്. സ്ത്രീസുരക്ഷയാണ് കോൺഗ്രസ് പ്രകടനപത്രിയിലെ ഏറ്റവും മുഖ്യ ഇനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കർഷകരെ നെഞ്ചോട് ചേർത്തുനിർത്തി തൊഴിലാളി ക്ഷേമങ്ങൾക്ക് ഊന്നൽ നൽകുന്നു. വിദ്യാഭ്യാസ സംരക്ഷണത്തിനും പരിസ്ഥിതി സൗഹൃദ വികസനത്തിനും പ്രകടനപത്രിക നൽകുന്ന പ്രാധാന്യം അദ്ദേഹം എടുത്തു കാട്ടി.
കഴിഞ്ഞ 10 വർഷത്തെ മോദി സർക്കാരിന്‍റെ കരിനിയമങ്ങളും തെറ്റായ നയങ്ങളും തിരുത്തുവാൻ പര്യാപ്തമാണ് കോൺഗ്രസ് പ്രകടനപത്രികയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. പ്രകടനപത്രിയിൽ പറയുന്ന മുഴുവൻ കാര്യങ്ങളും ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ സമയബന്ധിതമായി നടപ്പിലാക്കുമെന്നും
അദ്ദേഹം പറഞ്ഞു.
തീവ്രമായ വലതുപക്ഷ നയങ്ങളാണ് പിണറായി പിന്തുടരുന്നതെന്നും മുഖ്യമന്ത്രി മനസിരുത്തി കോൺഗ്രസിന്‍റെ പ്രകടനപത്രിക വായിക്കണമെന്നും കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എം.എം. ഹസൻ ആവശ്യപ്പെട്ടു. വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരും രാഷ്ട്രീയ നിരീക്ഷകരും ജനകീയ ചർച്ചാ പരിപാടിയിൽ സംബന്ധിച്ചു.