ദുബായ് വെല്ലിങ്ടണ്‍ സ്‌കൂളിലെ ആശങ്ക പരിഹരിച്ചു, വിദ്യാര്‍ഥികള്‍ സുരക്ഷിതരായി വീടുകളിലേക്ക് മടങ്ങി

Elvis Chummar
Wednesday, June 12, 2019

ദുബായ് : മലയാളി ഉടമസ്ഥതയിലുള്ള ജെംസ് വിദ്യാഭ്യാസ ഗ്രൂപ്പിന് കീഴിലുളള വെല്ലിങ്ടണ്‍ സ്‌കൂളില്‍ ബുധനാഴ്ച രാവിലെ നടന്ന സംഭവ വികാസങ്ങള്‍ക്ക് പരിഹാരമായി. സ്‌കൂളിലെ ഒരു വിദ്യാര്‍ഥിയുടെ മാതാവ് സംശയകരമായ രീതില്‍ പെരുമാറിയതാണ് സംഭവങ്ങളുടെ തുടക്കമെന്ന് പൊലീസ് സ്ഥിരീകരിച്ചു. മുപ്പത് വയസ് പ്രായം തോന്നുന്ന ഈ സ്ത്രീ സ്‌കൂളിലെ രക്ഷിതാക്കളുടെ ആക്‌സസ് കാര്‍ഡ് ഉപയോഗിച്ച് അകത്ത് കടന്നാണ് സംശയകരമായി ഭീതി തോന്നിപ്പിക്കുന്ന വിധം പെരുമാറിയത്. ഇതോടെ സ്‌കൂള്‍ അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ പ്രവര്‍ത്തനം താല്‍ക്കാലികമായ സ്തംഭിച്ചു. നൂറുകണക്കിന് രക്ഷിതാക്കളും സ്‌കൂള്‍ കവാടത്തില്‍ തടിച്ച് കൂടിയതോടെ വിവാദം പടര്‍ന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം  വിദ്യാര്‍ഥികളെ സുരക്ഷിതരായി വീടുകളിലേക്ക് കൊണ്ടു പോയതോയെ ആശങ്കയ്ക്ക് അവസാനമായി.

ദുബായ് അല്‍ ഖയില്‍ റോഡിലെ സ്‌കൂളില്‍, രാവിലെ മുതല്‍ ദുബായ് പൊലീസിന്‍റെ ഉന്നത ഉദ്യോഗസ്ഥരും സേനയും സി.ഐ.ഡി വിഭാഗങ്ങളും നിലയുറപ്പിച്ചു. ഇതോടെയാണ് ആശങ്ക കാട്ടുതീ പോലെ പടര്‍ന്നത്. എന്നാല്‍ വിദ്യാര്‍ഥികള്‍ എല്ലാം സുരക്ഷിതരാണെന്ന് ജെംസ് ഗ്രൂപ്പ് അധികൃതര്‍ പ്രതികരിച്ചിരുന്നു. ദുബായിലെ പ്രമുഖരുടെ മക്കളും വിവിധ രാജ്യക്കാരും പഠിക്കുന്ന സ്‌കൂളാണിത്. സംശയകരമായി പെരുമാറിയ സ്ത്രീയെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും ദുബായ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു.

teevandi enkile ennodu para