സര്‍വകക്ഷി യോഗം ഇന്ന് : ബുധനാഴ്ച്ചവരെ പാലക്കാട് നിരോധനാജ്ഞ തുടരും

Jaihind Webdesk
Monday, April 18, 2022

പാലക്കാട് ജില്ലയിൽ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ ഇന്ന് സര്‍വകക്ഷി യോഗം ചേരും. അതേസമയം കൊലപാതക കേസുകളിൽ ആരുടെയും അറസ്റ്റ് ഇത് വരെ രേഖപ്പെടുത്തിയിട്ടില്ല. ജില്ലയിൽ കനത്ത സുരക്ഷ തുടരുകയാണ്.വൈകീട്ട് 3.30ന് കലക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളിലാണ് സർവകക്ഷിയോഗം ചേരുക. മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിക്കും. എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുക്കണമെന്ന് ജില്ല കലക്ടർ അറിയിച്ചിട്ടുണ്ട്.

യോഗത്തിൽ പങ്കെടുക്കുമെന്ന് ബി.ജെ.പിയും വ്യക്തമാക്കി. സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാറും ജില്ല പ്രസിഡന്‍റ് കെഎം ഹരിദാസുമാണ് ബിജെപി യെ പ്രതിനിധീകരിക്കുക. അതേസമയം കൊലപാതക കേസുകളിൽ ആരുടെയും അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. കസ്റ്റഡിയിൽ എടുത്തവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നുമാണ് പോലീസ് വിശദീകരണം. എഡിജിപി വിജയ് സാഖറെ പാലക്കാട് തുടരുകയാണ്.

പാലക്കാട് ജില്ലയിൽ കർശന സുരക്ഷയും പോലീസിന്റെ അതിജാഗ്രതയും തുടരുകയാണ്. ഇരുചക്ര വാഹനങ്ങളിൽ സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവർക്ക് പിൻസീറ്റ് യാത്ര പാടില്ലെന്നാണ് നിർദേശം. ജില്ലയിൽ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ ബുധനാഴ്ച വൈകീട്ട് 6 മണി വരെ തുടരും.