അജിത് അഗാർക്കർ അടക്കമുള്ള 4 അംഗങ്ങള്‍ സീനിയർ സെലക്ഷൻ കമ്മിറ്റിയില്‍ നിന്ന് രാജിവച്ചു

Jaihind Webdesk
Saturday, March 16, 2019

മുൻ ഇന്ത്യൻ താരം അജിത് അഗാർക്കർ അടക്കമുള്ളവർ മുംബൈ ക്രിക്കറ്റ് ടീമിന്‍റെ സീനിയർ സെലക്ഷൻ കമ്മിറ്റിയിൽ നിന്ന് രാജിവച്ചു. സെലക്ഷൻ കമ്മിറ്റി ചെയർമാനായ അഗാർക്കറിനൊപ്പം നിലേഷ് കുൽക്കർണി, സുനിൽ മോറെ, രവി താക്കർ എന്നിവരാണ് രാജിവെച്ചത്.

സെലക്ഷൻ പാനലിന്‍റെ ഭാവിയെ സംബന്ധിച്ച് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ താത്കാലിക കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് രാജി.

മുംബൈ ടീമിന്‍റെ മോശം പ്രകടനത്തിന്‍റെ പശ്ചാത്തലത്തിൽ സെലക്ടർമാരെ പുറത്താക്കാൻ അസോസിയേഷനിലെ ചില അംഗങ്ങൾ പ്രത്യേക യോഗം ചേർന്നു തീരുമാനിച്ചിരുന്നു. എന്നാൽ ക്രിക്കറ്റ് ഇംപ്രൂവ്മെൻറ് കമ്മിറ്റി നീക്കത്തെ എതിർത്ത് രംഗത്തെത്തി. ഇതേത്തുടർന്നു താത്കാലിക കമ്മിറ്റി ഇക്കാര്യത്തിൽ നിയമോപദേശം തേടുകയായിരുന്നു.

കഴിഞ്ഞ രണ്ട് സീസണിനിടെ വിജയ് ഹസാരെ കിരീടം നിലനിർത്താനായത് മാത്രമായിരുന്നു മുംബൈയുടെ നേട്ടം. രഞ്ജി ട്രോഫിയിൽ അടക്കം മികച്ച പ്രകടനം പുറത്തെടുക്കാൻ ടീമിന് സാധിച്ചിരുന്നില്ല.