ദുബായ് : കൊവിഡ്-19 നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ദുബായില്‍ വിനോദ-കലാ-സാംസ്കാരിക പരിപാടികള്‍ വീണ്ടും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പുതിയ ഉത്തരവ് ജനുവരി 21 വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തിലായെന്ന് ദുബായ് ഗവണ്മെന്റ് അറിയിച്ചു.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ വിലക്ക് തുടരും. ദുബായ് ടൂറിസം വകുപ്പ് ആരോഗ്യ അധികൃതരുമായി പുരോഗതി വിലയിരുത്തിയതിന് ശേഷമാകും ഇനി വിനോദ പരിപാടികള്‍ പുനരാംഭിക്കുക. ഇതോടെ നേരത്തെ അനുമതി ലഭിച്ച പരിപാടികളും റദ്ദാക്കപ്പെടും. വിവിധ ഹോട്ടലുകളിലും കണ്വന്ഷന് സെന്ററുകളിലുമായി നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടികളും ഇതോടെ തല്ക്കാലം മാറ്റിവെക്കും.
പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമയാണ് ഈ സുപ്രധാന നീക്കമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. അതേസമയം കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ദുബായില്‍ കൊവിഡ് നിയമം ലംഘിച്ചതിന് ഇരുപതോളം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. കൂടാതെ 200 നിയമലംഘനങ്ങള്‍ നേരിട്ട് കണ്ടെത്തുകയും ചെയ്ത പശ്ചാത്തലത്തില്‍ കൂടിയാണ് ഈ പുതിയ നിയന്ത്രണം.