രാജ്യത്തെ സമാന്തര ടെലിഫോൺ എക്സ്ഞ്ചുകള്‍ക്ക് പരസ്പര ബന്ധം : ഒറ്റ കേസായി അന്വേഷിക്കണം

Jaihind Webdesk
Sunday, August 15, 2021

കോഴിക്കോട് : രാജ്യത്തിന്‍റെ വിവിധ ഭാഗത്തുള്ള സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസുകൾ പരസ്പര ബന്ധമുള്ളതാണെന്നും ഇവ ഒറ്റ കേസായി അന്വേഷിക്കുന്നതാവും ഉചിതമെന്നും കോഴിക്കോട് സമാന്തര എക്സ്ചേഞ്ച് കേസ് അന്വേഷിക്കുന്ന സിറ്റി സി ബ്രാഞ്ചിന്‍റ റിപ്പോർട്ട്. വിശദമായ റിപ്പോർട്ട് ഉത്തരമേഖലാ ഐജി അശോക് യാദവിനു സമർപ്പിച്ചു. കോഴിക്കോട് സമാന്തര എക്സ്ചേഞ്ച് കേസുമായി ബന്ധപ്പെട്ട് എൻഐഎ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ വിവരങ്ങൾ ശേഖരിച്ച പശ്ചാത്തലത്തിൽ സി ബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടിനു പ്രാധാന്യമുണ്ട്.

സമാന്തര എക്സ്ചേഞ്ചുകൾ മുൻപ് പിടികൂടിയിട്ടുണ്ടെങ്കിലും ടെലികോം തട്ടിപ്പിനു മാത്രമാണ് കേസെടുത്തിരുന്നത്. എന്നാൽ സ്വർണക്കടത്ത്, കള്ളപ്പണം, തീവ്രവാദം എന്നിവയ്ക്കായി സമാന്തര എക്സ്ചേഞ്ചുകൾ ഉപയോഗിക്കുന്നുണ്ടെന്നും ഇവയും വിശദമായി അന്വേഷിക്കണമന്നും റിപ്പോർട്ടിലുണ്ട്. പാക്കിസ്ഥാൻ, ബംഗ്ലദേശ്, ചൈന, ദക്ഷിണാഫ്രിക്ക, എറിട്രിയ, യുഗാണ്ട, ടാൻസനിയ എന്നീ രാജ്യങ്ങളിൽ സമാന്തര എക്സ്ചേഞ്ചുകൾക്ക് ഇടപാടുകാർ ഉണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇടപാടുകൾ നടന്നത് ദുബായ് കേന്ദ്രീകരിച്ചാണ്. ഇതെല്ലാം അന്വേഷണപരിധിയിൽ വരണമെന്നും ചൂണ്ടിക്കാട്ടുന്നു.