അല്‍ക്ക ലാംബ കോണ്‍ഗ്രസിലേയ്ക്ക് മടങ്ങുന്നു

Jaihind Webdesk
Friday, September 6, 2019

ഡല്‍ഹി ചാന്ദ്‌നി ചൗക്ക് എംഎല്‍എ അല്‍ക്ക ലാംബ ആം ആദ്മി പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. എന്‍.എസ്.യു ഐ മുന്‍ പ്രസിഡന്‍റ് കൂടിയായ അല്‍ക്ക ലാംബ ഉടന്‍ കോണ്‍ഗ്രസിലേയ്ക്ക് മടങ്ങും.  പാര്‍ട്ടി അധ്യക്ഷനുമായുള്ള  അഭിപ്രായ വ്യത്യാസവും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് മരണാനന്തരം നല്‍കിയ ഭാരതരത്ന തിരിച്ചെടുക്കണമെന്ന പാര്‍ട്ടി പ്രമേയത്തെ എതിര്‍ത്തതുമാണ് അല്‍ക്ക ലാംബയും പാര്‍ട്ടിയും തമ്മില്‍ അകലാന്‍ ഇടയാക്കിയത്. അരവിന്ദ് കെജ്രിവാളിനെതിരെ ശക്തമായ വിമര്‍ശനമാണ് അല്‍ക്ക ട്വിറ്ററില്‍ ഉയര്‍ത്തിയത്.

“താങ്കളുടെ പാര്‍ട്ടി വക്താക്കള്‍ താങ്കളുടെ ആവശ്യപ്രകാരം എന്നെ വിളിക്കുകയും ട്വിറ്ററിലൂടെ തന്നെ രാജി അംഗീകരിക്കാമെന്ന് ധാര്‍ഷ്ട്യത്തോടെ അറിയിക്കുകയും ചെയ്തു. അതിനാല്‍ ദയവുചെയ്ത് കെഎപി എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന എഎപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള എന്‍റെ രാജി സ്വീകരിക്കണം” – അല്‍ക്ക ലാംബ ട്വിറ്ററില്‍ കുറിച്ചു.

‘വിടപറയാന്‍ സമയമായി. ഗുഡ്‌ബൈ. എഎപി പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ചു. കഴിഞ്ഞ ആറ് വര്‍ഷത്തെ യാത്രയില്‍ ഒരുപാട് പഠിക്കാനായി, എല്ലാവര്‍ക്കും നന്ദി’ രാജി പ്രഖ്യാപിച്ചുകൊണ്ട് ലാംബ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം അവര്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ച് രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​എ​പി​യു​ടെ പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മേ​റ്റെ​ടു​ക്ക​ണ​മെ​ന്ന് പാര്‍ട്ടി അധ്യക്ഷനും മു​ഖ്യ​മ​ന്ത്രി​യു​മാ​യ കേ​ജ​രി​വാ​ളി​നോ​ട് അ​ൽ​ക്ക ആ​വ​ശ്യ​പ്പെ​ട്ടതാണ് പാര്‍ട്ടിയുമായുള്ള അഭിപ്രായവ്യത്യാസത്തിന് തുടക്കം കുറിച്ചത് . ഇ​തേ​ത്തു​ട​ർ​ന്ന് എ​എ​പി നി​യ​മ​സ​ഭാം​ഗ​ങ്ങ​ളു​ടെ വാ​ട്‌​സാ​പ്പ് ഗ്രൂ​പ്പി​ൽ​നി​ന്ന് അല്‍ക്കലാംബയെ പുറത്താക്കി. ഇതോടെ അരവിന്ദ് കെജ്‌രിവാളുമായുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായി. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് മരണാനന്തരം നല്‍കിയ ഭാരതരത്ന തിരിച്ചെടുക്കണമെന്ന പാര്‍ട്ടി പ്രമേയത്തെ എതിര്‍ത്തതോടെ അല്‍ക്ക ലാംബ പൂര്‍ണമായും പാര്‍ട്ടിയില്‍ നിന്നും അകന്നു.