ഡൽഹി കലാപം സഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച കോൺഗ്രസ് എം.പിമാരെ സസ്പെന്റ് ചെയ്ത ലോക്സഭാ സ്പീക്കറുടെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് അൽക ലാംബ. ഇത് ജനാധിപത്യത്തെ കൊല്ലുന്നതിനു തുല്യമാണെന്ന് അൽക ലാംബ ട്വീറ്റ് ചെയ്തു.
यह लोकतंत्र की हत्या है,
आखिर क्यों #BJP की मोदी सरकार इतनी डरी हुई है जो संसद में #delhivoilence पर चर्चा से बचना चाहती है?
चर्चा हुई तो दंगाइयों के साथ उनके आक़ाओं को भी होना पड़ सकता है बेनकाब.#दिल्ली के 7 सांसद दंगों पर चुप,
काँग्रेस के 7 सांसदों को किया गया सस्पेंस. https://t.co/rjcTcrzPsa— Alka Lamba – अलका लाम्बा?? (@LambaAlka) March 5, 2020
“ഇത് ജനാധിപത്യത്തെ ഇല്ലാതാക്കലാണ്. ഇതിനെല്ലാം ഉപരി ബിജെപിയുടെ മോദി സർക്കാർ ഡൽഹി കലാപം പാർലമെന്റില്‍ ചർച്ച ചെയ്യാന്‍ എന്തിനാണ് ഇത്രയേറെ ഭയക്കുന്നത്, ഇത്തരമൊരു ചർച്ച ഒഴിവാക്കാൻ അവർ ആഗ്രഹിക്കുന്നത് എന്തിനാണ്? ‘- അല്‍ക ലാംബ ട്വിറ്ററില്‍ കുറിച്ചു.
ഏഴു കോൺഗ്രസ് എം.പിമാരെയാണ് ലോക്സഭാ സ്പീക്കർ ഇന്നു സസ്പെന്റ് ചെയ്തത്. രാജ് മോഹൻ ഉണ്ണിത്താൻ, ഡീൻ കുര്യാക്കോസ്, ടി.എൻ പ്രതാപൻ, ബെന്നി ബഹനാൻ ഉൾപ്പെടെയുളളവരെ ഈ സമ്മേളനകാലത്തേക്ക് സസ്പെന്റ് ചെയ്തു. ഡൽഹി കലാപ വിഷയത്തിൽ പാർലമെന്റിൽ പ്രതിഷേധിച്ചതിന്റെ പേരിലാണ് നടപടി.
ഗൗരവ് ഗോഗോയ്, മാണിക്കം ടാഗോർ, ഗുർജീത് സിംഗ് ഓജ്ല എന്നിവരാണ് സസ്പെന്റ് ചെയ്യപ്പെട്ട മറ്റ് എംപിമാർ. ഈ സമ്മേളന കാലത്തേക്കാണ് സസ്പെൻഷൻ.
അതേസമയം, ഇത് സ്പീക്കറുടെ നടപടിയല്ലെന്നും കേന്ദ്ര സർക്കാരിന്റെ തീരുമാനമാണെന്നും കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവായ അധിർ രഞ്ജൻ ചൗധരി പ്രതികരിച്ചു. ഈ സസ്പെൻഷൻ കൊണ്ടൊന്നും വഴങ്ങില്ലെന്നും സർക്കാരിനെതിരായ പോരാട്ടം പാർലമെന്റിനകത്തും പുറത്തും കോണ്‍ഗ്രസ് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അകാരണമായാണ് സസ്പെൻഷൻ എന്നും ന്യായമില്ലാത്ത നടപടിയാണെന്നും ഇ.ടി മുഹമ്മദ് ബഷീർ പ്രതികരിച്ചു. വലിയ തരത്തിലുള്ള ജനാധിപത്യ ധ്വംസനമാണ് സസ്പെൻഷൻ ചെയ്ത നടപടിയെന്ന് എംപിയായ ആരിഫ് പറഞ്ഞു.