ആലത്തൂരില്‍ അങ്കം കുറിച്ച് രമ്യ ഹരിദാസ്; വിദ്യാര്‍ത്ഥി നേതാവില്‍ നിന്ന് നാടിന്റെ നായികയിലേക്ക്

Jaihind Webdesk
Sunday, March 17, 2019

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ്സ് അഖിലേന്ത്യ കോ ഓഡിനേറ്ററുമായ രമ്യ ഹരിദാസ് ലോകസഭ തിരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ നിന്ന് കോണ്‍ഗ്രസിനുവേണ്ടി ജനവിധി തേടുകയാണ്.  പുതുതലമുറയുടെ ഊര്‍ജ്ജസ്വലമായ കാഴ്ച്ചപ്പാടുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും കോണ്‍ഗ്രസ് പാര്‍ട്ടി ഈ തെരഞ്ഞെടുപ്പുവേളയിലും മാധ്യമമായി വര്‍ത്തിക്കുകയാണ്.
കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ രമ്യ കെഎസ്യുവിലൂടെയാണ് തന്റെ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയത്. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ആറുവര്‍ഷം മുന്‍പ് ഡല്‍ഹിയില്‍ നടന്ന ടാലന്റ് ഹണ്ടായിരുന്നു രമ്യയുടെ ജീവിതം മാറ്റിമറിച്ചത്. നാലുദിവസമായി നടന്ന ടാലന്റ് ഹണ്ടില്‍ നിലപാടുകളും അഭിപ്രായങ്ങളും വ്യക്തമാക്കി രമ്യ തിളങ്ങിയപ്പോള്‍ രാഹുല്‍ അവരിലെ നേതൃപാടവം ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ശിക്കുകായിരുന്നു.

ഗാന്ധിയന്‍ സംഘടനയായ ഏകതാപരിഷത്തിന്റെ മുഖ്യപ്രവര്‍ത്തകയായിരുന്നു. ഏകതാപരിഷത്ത് നടത്തിയ ആദിവാസി ദളിത് സമരങ്ങളിലും രമ്യ നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്. 2012ല്‍ ജപ്പാനില്‍ നടന്ന ലോകയുവജനസമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ കോഓര്‍ഡിനേറ്റര്‍മാരില്‍ ഒരാളാണ്. രാഷ്ട്രീയത്തില്‍ മാത്രമല്ല കലാപരമായ വിഷയങ്ങളിലും രമ്യ ഒട്ടും പിന്നിലല്ല. ജില്ല, സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ നൃത്തം, ദേശഭക്തിഗാനം തുടങ്ങിയ ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. കുറ്റിക്കാട്ടൂരിലെ കൂലിത്തൊഴിലാളിയായ പിപി ഹരിദാസന്റെയും രാധയുടെയും മകളാണ് രമ്യ ഹരിദാസ്. ഇന്ദിരാ ആവാസ് യോജന പദ്ധതിയിലൂടെ ലഭിച്ച തുക ഉപയോഗിച്ചാണ് അടുത്തിടെ ഒരു കൊച്ചുവീട് നിര്‍മിച്ചത്.
ഉത്തരേന്ത്യയിലുള്‍പ്പെടെ ആദിവാസി – ദളിത് സമൂഹങ്ങളുടെ അവകാശത്തിനായി അവര്‍ സമരരംഗത്തെത്തി. പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഗാന്ധിയന്‍ സംഘടനയായ ഏകതാ പരിഷത്തിന്റെ നേതൃത്വത്തിലും അവര്‍ സജീവ സാന്നിധ്യമായി. ഗാന്ധിയന്‍ സംഘടനയായ സര്‍വ്വോദയ മിത്ര മണ്ഡലം, അനൗപചാരിക വിദ്യാഭ്യാസ രംഗത്തെ പ്രധാന സംഘടനയായ പി.എന്‍. പണിക്കര്‍ രൂപീകരിച്ച കാന്‍ ഫെഡ് ഭാരവാഹിയുമായി.
ഗ്രാമപുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കേരള ഗ്രാമനിര്‍മ്മാണ സമിതി, സവാര്‍ഡ് എന്ന സാമൂഹിക സേവന സംഘടന, കേരള മദ്യനിരോധന സമിതി എന്നിവയുടെ പ്രവര്‍ത്തകയാണ്. നിലമ്പൂര്‍ ആദിവാസി കോളനികളില്‍ വികസന പരിശീലന പ്രവര്‍ത്തനങ്ങളുടെ നേതൃത്വം വഹിക്കുന്നു.