ആലപ്പുഴ രഞ്ജിത് ശ്രീനിവാസന്‍ വധം: 15 പ്രതികളും കുറ്റക്കാർ; ശിക്ഷാവിധി തിങ്കളാഴ്ച

 

ആലപ്പുഴ: ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികള്‍ കുറ്റക്കാർ. മാവേലിക്കര അഡീഷനൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് വിധിച്ചത്. ശിക്ഷാവിധി തിങ്കളാഴ്ച പ്രഖ്യാപിക്കും. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി കോടതി പരിസരത്ത് വന്‍ പോലീസ് സന്നാഹമുണ്ട്.

എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികൾ 2021 ഡിസംബർ 19ന് രഞ്ജിത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തി എന്നാണു കേസ്. ആലപ്പുഴ കോമളപുരം അമ്പനാകുളങ്ങര മാച്ചനാട് കോളനിയിൽ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് വടക്കേച്ചിറപ്പുറം അജ്മൽ, ആലപ്പുഴ വെസ്റ്റ് മുണ്ടുവാടയ്ക്കൽ അനൂപ്, ആര്യാട് തെക്ക് അവലൂക്കുന്ന് ഇരക്കാട്ട് മുഹമ്മദ് അസ്‌ലാം, മണ്ണഞ്ചേരി ഞാറവേലിൽ അബ്ദുൽ കലാം എന്ന സലാം, അടിവാരം ദാറുസബീൻ വീട്ടിൽ അബ്ദുൽ കലാം, ആലപ്പുഴ വെസ്റ്റ് തൈവേലിക്കകം സറഫുദീൻ, മണ്ണഞ്ചേരി ഉടുമ്പിത്തറ മൻഷാദ്, ആലപ്പുഴ വെസ്റ്റ് കടവത്ത്ശേരി ചിറയിൽ വീട്ടിൽ ജസീബ് രാജ, മുല്ലയ്ക്കൽ വട്ടക്കാട്ടുശേരി നവാസ്, കോമളപുരം തയ്യിൽ വീട്ടിൽ സമീർ, മണ്ണഞ്ചേരി നോർത്ത് ആര്യാട് കണ്ണറുകാട് നസീർ, മണ്ണഞ്ചേരി ചാവടിയിൽ സക്കീർ ഹുസൈൻ, തെക്കേ വെളിയിൽ ഷാജി, മുല്ലയ്ക്കൽ നുറുദീൻ പുരയിടത്തിൽ ഷെർനാസ് അഷറഫ് എന്നിവരാണ് പ്രതികൾ.

കേസിന്‍റെ നാൾവഴി:

ഡിസംബർ 19: രഞ്ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ടു.

ഡിസംബർ 22: ആലപ്പുഴ ഡിവൈഎസ്പി എൻ.ആർ. ജയരാജിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

2022 മാർച്ച് 18: 15 പ്രതികളെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചു.

ഏപ്രിൽ 23: അഡ്വ. പ്രതാപ് ‌ജി. പടിക്കലിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു.

ഏപ്രിൽ 26: കേസ് ആലപ്പുഴസെഷൻസ് കോടതിയിലേക്ക് മാറ്റി.

ഒക്ടോബർ 10: പ്രതികളുടെ ആവശ്യത്തെ തുടർന്ന് വിചാരണ മാവേലിക്കര സെഷൻസ് കോടതിയിലേക്ക് മാറ്റി.

ഡിസംബർ 16: കുറ്റപത്രം വായിച്ചു.

2023 ജനുവരി 16: കേസ് വിചാരണ ഫെബ്രുവരി 16 മുതൽ തുടങ്ങാൻ മാവേലിക്കര സെഷൻസ് ജഡ്ഡി വി.ജി. ശ്രീദേവി ഉത്തരവിട്ടു.

ഫെബ്രുവരി 16: പ്രതികൾക്ക് അഭിഭാഷകരെ നിയോഗിക്കാൻ സമയം ആവശ്യപ്പെടുന്നു. സാക്ഷി വിസ്താരം മാർച്ച് ഒന്നിന് തുടങ്ങാൻ കോടതി തീരുമാനിച്ചു. എന്നാൽ പ്രതികൾ വിചാരണ സ്റ്റേ ചെയ്യാനായി ഹൈക്കോടതിയെ സമീപിച്ചു.

മാർച്ച് 1: വിചാരണ നടപടികൾ 15 ദിവസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു.

ഏപ്രിൽ 17: ശക്തമായ പോലീസ് സുരക്ഷയിൽ സാക്ഷി വിസ്താരം ആരംഭിച്ചു.

മേയ് 5: ഹൈക്കോടതി വിചാരണ നടപടികൾ ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു.

ജൂൺ 24: വീണ്ടും കോടതി മാറ്റം ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്ന് ജൂലൈ 12 മുതൽ സാക്ഷി വിസ്താരം പുനഃരാരംഭിക്കാന്‍ കോടതി.

ഒക്ടോബർ 28: 49 ദിവസം നീണ്ടു നിന്ന 156 സാക്ഷികളുടെ വിസ്താരം പൂർത്തിയായി.

ഒക്ടോബർ 13: പ്രതികളെ കോടതി ചോദ്യം ചെയ്ത് ആറായിരത്തോളം പേജുകളിലായി വിവരങ്ങൾ രേഖപ്പെടുത്തി.

ഡിസംബർ 15: കേസിൽ അന്തിമ വാദം പൂർത്തിയായി.

Comments (0)
Add Comment