ആലപ്പുഴ ഇരട്ടക്കൊലപാതകം ആഭ്യന്തരവകുപ്പിന്‍റെ പരാജയം; ഇന്‍റലിജന്‍സ് മുന്നറിയിപ്പ് അവഗണിച്ചു

 

ആലപ്പുഴയിലെ ഇരട്ട കൊലപാതകം ആഭ്യന്തര വകുപ്പിന്‍റെ പരാജയമാണെന്ന ആരോപണം ശക്തം. ജില്ലയിൽ വലിയ സംഘർഷമുണ്ടാകുമെന്ന ഇന്‍റലിജൻസ് റിപ്പോർട്ട് അവഗണിച്ചതിന്‍റെ പരിണിതഫലമാണ് മണിക്കൂറുകളുടെ ഇടവേളയിൽ നടന്ന രണ്ട് കൊലപാതകം.

ആലപ്പുഴ ജില്ലയിൽ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പതിനഞ്ച് കിലോമീറ്റര്‍ ദൂരപരിധിയിലാണ് രണ്ടു കൊലപാതകങ്ങൾ നടന്നത്. കൊല്ലപ്പെട്ടതില്‍ രണ്ടുപേരും അതാത് സംഘടനകളുടെ സംസ്ഥാനതല ഭാരവാഹികളായിരുന്നു. ആലപ്പുഴ മണ്ണഞ്ചേരിയില്‍ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനെ അഞ്ചംഗ സംഘം ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി പന്ത്രണ്ട് മണിക്കൂർ തികയും മുമ്പാണ് ബിജെപി മുൻ ജില്ല വൈസ് പ്രസിഡന്‍റും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത്ത് ശ്രീനിവാസ് പുലര്‍ച്ചെ കൊല്ലപ്പെട്ടത്.

നേരത്തെ തന്നെ ജില്ലയുടെ ചില ഭാഗങ്ങളിൽ എസ്.ഡി.പി.ഐ – ബി.ജെ.പി സംഘർഷങ്ങൾ നിലനിന്നിരുന്നു. എന്നാൽ ഇത് രാഷ്ട്രീയ വൈരത്തിനപ്പുറം സാമുദായിക പ്രശ്നമായി മാറാൻ സാധ്യതയുണ്ടെന്നും വലിയ സംഘർഷങ്ങളിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നുമുള്ള ഇന്‍റലിജൻസ് സൂചനയെ പൊലീസ് മുഖവിലയ്ക്കെടുത്തില്ല എന്നതാണ് യാഥാർത്ഥ്യം. എസ്.ഡി.പി.ഐ നേതാവിന്‍റെ കൊലപാതകത്തെ തുടർന്ന് തിരിച്ചടിയുണ്ടാകുമെന്ന സൂചനയും പോലീസ് വേണ്ട വിധത്തിൽ കൈകാര്യം ചെയ്തില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പൊലീസ് ഉണർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ രണ്ടാമത്തെ കൊലപാതകം തടയാൻ കഴിയുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ജില്ലയുടെ പല ഭാഗത്തും നേരത്തെ എസ്.ഡി.പി.ഐ ,ആർ.എസ്.എസ് സംഘർഷങ്ങൾ നടന്നപ്പോൾ അക്രമികളെ അമർച്ച ചെയ്യാൻ പോലീസ് കർശന നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ ഈ രണ്ട് കൊലപാതകവും ഒഴിവാക്കാമായിരുന്നു.

അക്രമ സംഭവങ്ങൾ അരങ്ങേറിയപ്പോൾ പലപ്പോഴും പൊലീസ് പ്രദേശിക സിപിഎം നേതാക്കളുടെ തിട്ടൂരമനുസരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇരു പാർട്ടികളും അക്രമത്തിന് കോപ്പുകൂട്ടുന്നത് മുൻകൂട്ടി തിരിച്ചറിഞ്ഞ് കർശന നടപടികൾ സ്വീകരിക്കാൻ കഴിയാത്തത് പൊലീസിന്‍റെ വൻ വീഴ്ച്ചയായി വിലയിരുത്തപ്പെടുന്നുണ്ട്. രണ്ട് കൊലപാതകങ്ങൾ നടന്നതോടെ ഇനിയും തിരിച്ചടികൾ ഉണ്ടാവുമോ എന്ന ഭയത്താലാണ് ജില്ലയിലെ ജനങ്ങൾ. അതേ സമയം ആലപ്പുഴയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് അക്രമങ്ങൾ തടയാനുള്ള കഠിന പരിശ്രമത്തിലാണ് ഇപ്പോൾ ഉന്നത പോലീസ് ഉദ്യോഗസ്ഥർ.

Comments (0)
Add Comment