ആലപ്പാടിനെ ഖനനം വിഴുങ്ങുന്നു; കണ്ണുതുറക്കാതെ ഭരണകൂടം; അതിജീവന പോരാട്ടത്തിന്റെ അരനൂറ്റാണ്ട്

Jaihind Webdesk
Sunday, January 6, 2019

കൊല്ലം കരുനാഗപ്പള്ളിയിലെ കടല്‍ത്തീര പ്രദേശമാണ് ആലപ്പാട്. 60 വര്‍ഷമായി തുടരുന്ന കരിമണല്‍ ഖനനം മൂലം ഈ പ്രദേശം ഇന്ന് ഭൂമുഖത്തില്‍ നിന്ന് തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന് ആവശ്യമായ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയായ റയര്‍ എര്‍ത്ത്, കേരള സര്‍ക്കാരിന്റെ കേരള മിനറല്‍ ആന്റ് മെറ്റല്‍സ് എന്നീ സ്ഥാപനങ്ങളുടെ അരുനൂറ്റാണ്ട് കാലത്തെ കരിമണല്‍ ഖനനമാണ് ഈ നാടിനെയും നാട്ടുകാരെയും മായ്ച്ചുകളയുന്നത്.

നാലായിരത്തിലധികം മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് ഖനനത്തിന്റെ ആഘാതമേറ്റ് തൊഴിലും ഭൂമിയും ഉപേക്ഷിച്ച് പാലായനം ചെയ്തത്. സ്‌കൂളുകള്‍ പൂട്ടപ്പെട്ടു, കൃഷി നശിച്ചു. മൂന്ന് ഗ്രാമങ്ങള്‍ ഖനനത്താല്‍ അപ്രത്യക്ഷമായി. ഇനി ബാക്കിയുള്ള തുണ്ട് മണ്ണില്‍ ജീവിക്കാനും തൊഴില്‍ തിരിച്ചുപിടിക്കാനുമാണ് ഇപ്പോള്‍ ആലപ്പാട്ടുകാരുടെ സമരം. ഇവിടെയുള്ളവരില്‍ അധികവും മത്സ്യത്തൊഴിലാളികളാണ്. ഇവിടുന്ന് മാറിത്താമസിച്ചാല്‍ അവരുടെ ജീവിതമാര്‍ഗ്ഗം ആകും ഇല്ലാതാകുക.

1955ല്‍ ലിത്തോ മാപ്പിന്റെ കണക്കനുസരിച്ച്,89.5 സ്‌ക്വയര്‍ കിലോമീറ്റര്‍ ഉണ്ടായിരുന്ന ആലപ്പാട് പ്രദേശം ഇന്ന് വെറും 7.9 സ്‌ക്വയര്‍ കിലോമീറ്റര്‍ മാത്രമായി നാമാവശേഷമായി മാറിക്കൊണ്ടിരിക്കുകയാണ്. അശാസ്ത്രീയമായ കരിമണല്‍ ഖനനത്തിലൂടെ പല കമ്പനികളും ആലപ്പാടിന്റെ ഹൃദയത്തെ ചൂഴ്ന്ന് കൊണ്ടേയിരുന്നു. ഖനനം ഏറുന്നതിനനുസരിച്ച് കടല്‍ കരയിലേക്ക് കയറി കിടപ്പാടം വരെ നഷ്ടമാകുന്ന സ്ഥിതിയിലാണ് ഇവിടെയുള്ളവര്‍ . പ്രദേശവാസികള്‍ ഇതിനെതിരെ പലതവണ പരാതി നല്‍കിയെങ്കിലും ആരും ഒരു നടപടിയും സ്വീകരിച്ചില്ല. തുടര്‍ന്ന് ഈ നവംബര്‍ ഒന്നു മുതല്‍ ജനങ്ങള്‍ സമരം ശക്തമാക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം സമരമുഖത്ത് നിരന്നു. നിരവധി സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുത്തു. എന്നാല്‍ അതൊന്നും കേള്‍ക്കേണ്ടവരാരും കേട്ടില്ല.

ആയിരക്കണക്കിന് പ്രദേശവാസികളെയാണ് ഇവിടെനിന്ന് കുടിയൊഴിപ്പിച്ചു കൊണ്ടിരിക്കുന്നത്. ലാഭം കൊയ്യുന്ന ഖനിക്കമ്പനികള്‍ അതീജീവനത്തിനായി കൈനീട്ടുന്ന ഈ മുഖങ്ങളെയൊന്നും കണ്ടില്ല. ഖനനത്തിന്റെ ലാഭം ശരിക്കും അനുഭവിക്കുന്നത് വിദേശ കമ്പനികളും ഏജന്റുകളുമാണ്. കഴിഞ്ഞദിവസം നാട്ടുകാരിയായ പെണ്‍കുട്ടിയുടെ വിലാപം ആലപ്പാട്ടെ ജനങ്ങളുടെ ശബ്ദമായിരുന്നു.  ജനിച്ച മണ്ണില്‍ത്തന്നെ മരിക്കണം. അത് ഞങ്ങളുടെ ആഗ്രഹമാണ്. അതിനുവേണ്ടിയാണ് ഞങ്ങളീ പോരാടുന്നത്. എന്നായിരുന്നു വീഡിയോ സന്ദേശം…