‘വിശ്വമാനവികതയുടെ സ്‌നേഹദര്‍ശനം കവിതയില്‍ ആവാഹിച്ച  ഇതിഹാസം’ ; അക്കിത്തത്തിന്‍റെ വേർപാടിൽ അനുശോചിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Thursday, October 15, 2020

 

തിരുവനന്തപുരം:  ജ്ഞാനപീഠം ജേതാവ്‌ മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ നിര്യാണത്തില്‍ അനുശോചിച്ച് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എട്ടുപതിറ്റാണ്ട് കാലത്തെ കാവ്യസപര്യക്കാണ്‌ വിരാമമായതെന്ന് അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

വിശ്വമാനവികതയുടെ സ്‌നേഹദര്‍ശനം കവിതയില്‍ ആവാഹിച്ച  ഇതിഹാസമായിരുന്നു അക്കിത്തം. മൂല്യാധിഷ്‌ഠിതമായ കാവ്യഭാവനയ്‌ക്ക്‌ ഉടമ. മലയാള ഭാഷയുടെ സ്വകാര്യ അഹങ്കാരം കൂടിയാണ്‌ നമ്മെ വിട്ടുപിരിയുന്നത്‌. കവിത, ചെറുകഥ, നാടകം, വിവര്‍ത്തനം, ലേഖനസമാഹാരം എന്നിവയുള്‍പ്പെടെ അന്‍പതോളം കൃതികള്‍ രചിച്ചു. അക്കിത്തത്തിന്‍റെ വേര്‍പാട്‌ മലയാള സാഹിത്യലോകത്തിന്‌ നികത്താന്‍ കഴിയാത്ത നഷ്ടമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.