അഖില്‍ സജീവിന്റെ ബാങ്ക് അക്കൗണ്ട് കാലി; തട്ടിപ്പിലൂടെ കിട്ടിയ പണം എവിടെ പോയെന്ന് അറിയില്ലെന്ന് പോലീസ്

ആരോഗ്യമന്ത്രിയുടെ സ്റ്റാഫിനെതിരെ ആരോപണം ഉയര്‍ന്ന നിയമന കോഴക്കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി അഖില്‍ സജീവിന്റെ ബാങ്ക് അക്കൗണ്ട് കാലിയാണെന്ന് പോലീസ്. തട്ടിപ്പിലൂടെ കിട്ടിയ പണം എവിടെ പോയെന്ന് അറിയില്ല. ഇതിനെ കുറിച്ച് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. ഒളിവില്‍ കഴിയാന്‍ അഖില്‍ സജീവിന് ആരും സഹായം നല്‍കിയതായി അറിയില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

തേനിയില്‍ നിന്നാണ് പത്തനംതിട്ട പൊലീസ് ഇന്ന് രാവിലെ അഖില്‍ സജീവിനെ പിടികൂടിയത്. പത്തനംതിട്ട സിഐടിയു ഓഫീസില്‍ 2021 ല്‍ സാമ്പത്തിക ക്രമക്കേട് നടത്തി എന്ന കേസിലാണ് ഇപ്പോള്‍ അഖില്‍ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യമന്ത്രിയുടെ സ്റ്റാഫിനെതിരെ ആരോപണം ഉയര്‍ന്ന നിയമന കോഴക്കേസില്‍ തിരുവനന്തപുരം കണ്ടോന്‍മെന്റ് പൊലീസാണ് അന്വേഷണം നടത്തുന്നത്. പത്തനംതിട്ടയിലെ കേസില്‍ കോടതിയില്‍ ഹാജരാക്കിയ ശേഷമാകും തിരുവനന്തപുരം കണ്ടോന്‍മെന്റ് പൊലീസ് അഖില്‍ സജീവിനെ കസ്റ്റഡിയില്‍ വാങ്ങുക. അഖില്‍ സജീവനെ ചോദ്യം ചെയ്യാന്‍ കണ്ടോന്‍മെന്റ് പൊലീസ് പത്തനംതിട്ടയിലെത്തിയിട്ടുണ്ട്. അഖിലിനെ ചോദ്യം ചെയ്യുന്നതോടെ സംസ്ഥാനത്ത് പലയിടത്തും നടന്ന നിരവധി തട്ടിപ്പുകളുടെ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് അന്വേഷണം സംഘം പ്രതീക്ഷിക്കുന്നത്.

മലപ്പുറം സ്വദേശി ഹരിദാസാണ് ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉന്നയിച്ചത്. ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് മരുമകള്‍ ഡോ. നിതരാജ് അപേക്ഷിച്ചതിന് പിന്നാലെ അഖില്‍ സജീവ് ജോലി വാഗ്ദാനം ചെയ്ത് ഇങ്ങോട്ട് വന്നുവെന്നും അഞ്ച് ലക്ഷം നല്‍കിയാല്‍ ജോലി ഉറപ്പെന്നായിരുന്നു വാഗ്ദാനമെന്നുമായിരുന്നു പരാതിയിലുണ്ടായിരുന്നത്. 25000 രൂപ അഡ്വാന്‍സായി അഖില്‍ സജീവിന് മാര്‍ച്ച് 24 ന് ഗൂഗിള്‍ പേ ചെയ്തു. പിന്നീട് ഒരുലക്ഷം തിരുവനന്തപുരത്തെത്തി അഖില്‍ സജീവ് അയച്ച ആരോഗ്യമന്ത്രിയുടെ ഓഫീസിലുള്ള അഖില്‍ മാത്യുവെന്ന് പരിചയപ്പെടുത്തിയ ആള്‍ക്ക് കൈമാറി. എന്നാല്‍ അഖില്‍ മാത്യുവല്ല, അഖില്‍ മാത്യുവെന്ന പേരില്‍ അഖില്‍ സജീവയച്ച മറ്റൊരാള്‍ക്കാകും പണം കൈമാറിയതെന്നാണ് നിലവില്‍ പൊലീസ് പറയുന്നത്. പിടിയിലായ അഖില്‍ സജീവനെ ചോദ്യം ചെയ്ത ശേഷം ഇക്കാര്യത്തിലും വ്യക്തത ലഭിക്കും. പണം കൊടുത്തതിന് പിന്നാലെ നിത രാജിന് ആയുഷ് വകുപ്പില്‍ നിന്നും ഇ മെയില്‍ വന്നു. 25 നകം നിയമന ഉത്തരവ് കിട്ടുമെന്നായിരുന്നു മെയില്‍. ഇതിന് പിന്നാലെ അഖില്‍ സജീവന് അന്‍പതിനായിരം രൂപ കൂടി നല്‍കി. നിയമനം കിട്ടാത്തതിനെ തുടര്‍ന്ന് ഹരിദാസന്‍ ഈ മാസം 13 ന് ആരോഗ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു.

Comments (0)
Add Comment